Tuesday, May 15, 2012

ഇനി ആ വെള്ളിനക്ഷത്രം ആകാശത്തുനിന്ന് നമ്മെ നോക്കി പുഞ്ചിരിക്കും

വെള്ളി നക്ഷത്രം എന്ന സിനിമയിൽ അമ്മു എന്ന കഥാ പാത്രമായി അഭിനയിച്ച തരുണി സച്ച്ദേവ് ഇന്നലെ നേപ്പാളിൽ വിമാന അപകടത്തിൽ മരണമടഞ്ഞു. ലോകം എമ്പാടുമുള്ള മലയാളികള്‍ അവിശ്വസനീയതയോടെയാണ് ഇന്നലെ ഈ വാര്‍ത്ത പങ്കുവച്ചത്. പലര്‍ക്കും അതിൽ അഭിനയിച്ചത് തരുണി സച്ച് ദേവ് എന്ന മുംബൈക്കാരിയാണ് എന്നറിയില്ലെങ്കിലും അതി സുന്ദരമായി പുഞ്ചിരിക്കുന്ന മുഖം ഏവര്‍ക്കും സുപരിചിതമായിരുന്നു.

വിമാനാപകടത്തിൽ പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട താരവും മരിച്ചവരിൽ ഉണ്ടെന്നറിയാന്‍ മലയാളികള്‍ വൈകി. നേരത്തെ തരുണി മരിച്ചവിവരം പുറത്ത് വന്നെങ്കിങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണെന്ന് ആരും അറിഞ്ഞിരുന്നില്ല.എൽ കെ ജി വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് വെള്ളിനക്ഷത്രത്തിലെ അമ്മുകുട്ടിയായി മലയാളികളുടെ കുസൃതികുടുക്കയായി മാറുന്നത്. ഇപ്പോള്‍ ആ അമ്മുകുട്ടിയ്ക്ക് പതിനാലു വയസായെങ്കിലും മലയാളികളുടെ മനസിൽ നിന്നും ഇന്നും മായാതെ കിടക്കുന്നത് നിഷ്കളങ്കമായ ആ പാൽ പുഞ്ചിരിയാണ്. വെള്ളിനക്ഷത്രത്തിലെ അമ്മുക്കുട്ടി മലയാളി കുട്ടികളെക്കാള്‍ പ്രിയങ്കരിയായി മലയാളികള്‍ക്ക്.

പിന്നീട്, സത്യം, അതിശയന്‍ തുടങ്ങിയ ചിത്രങ്ങളിലും തരുണിയുടെ വേഷങ്ങള്‍ ഏറെ ശ്രദ്ധേയമായി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വിദ്യ ബാലനും മുഖ്യ വേഷങ്ങളിലെത്തിയ പാ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിച്ചിരുന്നു തരുണി.വെള്ളിനക്ഷത്രത്തിലെ അതിഭാവുകത്വമുള്ള കഥാപാത്രത്തിനു ചേരും വിധമായിരുന്നു മുംബൈക്കാരിയായ തരുണിയുടെ മലയാള സിനിമയിലെ അരങ്ങേറ്റവും. മലയാളം പാട്ടിനൊപ്പം ആടിപാടിയും താരങ്ങള്‍ക്കൊപ്പം ഡയലോഗ് പറഞ്ഞും അഭിനയച്ച തരുണി മലയാളിയല്ലന്ന് പലര്‍ക്കും അറിയില്ലായിരുന്നു. പ്രേത ബാധ കയറിയ കുസൃതി കുട്ടിയായി എല്ല മലയാളികളെയും അമ്മു കയ്യിലെടുത്തു..വീണ്ടും മലയാള ചിത്രത്തിൽ അഭിനയിക്കാന്‍ കാത്തിരിക്കുമ്പോഴാണ് ആ കുരുന്ന് പ്രതിഭ എല്ലാവരെയും ദുഖത്തിലാഴ്ത്തി കടന്നുപോയത്.

അമിതാഭ് ബച്ചനൊപ്പം ഒരു ടിവി പരസ്യചിത്രത്തിൽ കണ്ടാണ് വിനയന്‍ ഈ കുട്ടിയെ മലയാളത്തിലേക്ക് ക്ഷണിച്ചത്.പിതാവ് സച്ദേവ് മുംബൈയിൽ ബിസിനസുകാരനാണ്. സാമാന്യം നല്ല് സാമ്പത്തിക നിലയിലുള്ള കുടുംബം. സിനിമയിൽ വരാന്‍ തരുണിക്കും വീട്ടുകാര്‍ക്കും താൽപര്യമായിരുന്നു. വെള്ളിനക്ഷത്രത്തിലെ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കൂടുതൽ ആവേശമായി.

വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള ചിത്രങ്ങളിലും വിഐപി, എൽജി, എയര്‍ടെൽ, കിന്‍ലേ, ഷെവര്‍ലെ തുടങ്ങിയ കമ്പനികളുടെത് ഉള്‍പ്പെടെ മുന്നൂറോളം പരസ്യചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച മലയാളത്തിന്റെ സ്വന്തം അമ്മു ഇനി കണ്ണീരിൽ കുതിര്‍ന്ന ഓര്‍മ മാത്രം.ഇനി ഈ വെള്ളിനക്ഷത്രം ആകാശത്തെ അനേകം വെള്ളിനക്ഷത്രങ്ങളോട് ചേർന്ന് നമ്മെ നോക്കി പുഞ്ചിരിക്കും!ഈ കൊച്ചു അഭിനേത്രിക്ക് പാഥേയം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Saturday, March 24, 2012

സുന്ദരവില്ലൻ വിടവാങ്ങി


അരനൂറ്റാണ്ടു കാലം മലയാള സിനിമയിലെ വില്ലന്‍ സങ്കല്‍പ്പത്തിന് സ്വന്തം രൂപം സമ്മാനിച്ച പ്രശസ്ഥ നടനും ഗായകനും 2011 ലെ ജെ.സി ഡാനിയേല്‍ പുരസ്കാരജേതാവുമായ ജോസ് പ്രകാശ് ഇന്ന് (മാര്‍ച്ച് 24 ) നമ്മോട് വിടപറഞ്ഞിരിക്കുന്നു.കോട്ടയം മുൻസിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫിന്റെയും എലിയാമ്മയുടെയും. മൂത്ത മകനായി 1925 വിഷുദിനത്തിൽ ചങ്ങനാശേരിയിലായിരുന്നു ജോസഫ്‌ എന്ന ജോസ് പ്രകാശിന്റെ ജനനം.

കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഫോർത്ത് ഫോം വരെ ഇദ്ദേഹം പഠിച്ചത്.സര്‍ക്കാര്‍ ജോലിക്കാരനായ അച്ഛന് മകനെ ആ വഴിയിലേക്ക് കൊണ്ടുപോകാനായിരുന്നു താല്‍പ്പര്യം. എന്നാല്‍ , സംഗീതത്തെ ഏറെ സ്നേഹിച്ച ഇദ്ദേഹത്തിനു ഗായകനാകാനായിരുന്നു ഇഷ്ടം. പഠനകാലത്തിനിടെ സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ പോയതിന് രക്ഷിതാക്കള്‍ ശിക്ഷിച്ചതിന്റെ പ്രതികാരവുമായി വീടുവിട്ടിറങ്ങി. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട 1942 ൽ ആയിരുന്നു ഈ ഓളിച്ചോട്ടം. ആ സമയത്ത് തിരുവനന്തപുരത്ത് നടന്ന പട്ടാള റിക്രൂട്ട്മെന്‍റില്‍ പങ്കെടുത്ത് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ എത്തി. ലാൻസ് നായിക് ആയിട്ടയിരുന്നു നിയമനം. ഫിറോസ്പൂരിലായിരുന്നു പരിശീലനം. ആദ്യനിയമനം മണിപ്പൂരിൽ ഹവിൽദാറായിട്ടാ‍യിരുന്നു. 65 രൂപ ശമ്പളത്തിൽ . ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. അക്കാലത്ത് സിങ്കപ്പൂർ , ബർമ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടീഷ് റെജിമെന്‍റ് പിരിച്ചുവിട്ടപ്പോള്‍ ജോസ് പ്രകാശ് എട്ടുവര്‍ഷത്തെ സൈനിക സേവനം അവസാനിപ്പിച്ച് നാട്ടിലെത്തി.

കോട്ടയത്ത് രാം മനോഹര്‍ ലോഹ്യ പ്രസംഗിക്കുന്ന ചടങ്ങില്‍ ഹിന്ദി ഗാനം പാടാന്‍ ജോസ് പ്രകാശിന് അവസരം ലഭിച്ചു. പാട്ടിനെക്കുറിച്ച് അറിഞ്ഞ തിക്കുറിശി സുകുമാരന്‍ നായരാണ് ജോസ് പ്രകാശിനെ സിനിമയിലേക്ക് ക്ഷണിച്ചത്. 1953ൽ റിലീസായ തിക്കുറിശ്ശിയുടെ ആദ്യസംവിധാന സംരംഭമായ ശരിയോ തെറ്റോ എന്നാ സിനിമയിൽ ഗായകൻ ആയിട്ടാണ് സിനിമയിലെ തുടക്കം . പാട്ടുകാരനായി വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. സിനിമയിൽ “പാടുപെട്ടു പാടങ്ങളിൽ“ എന്ന തത്വശാസ്ത്ര സ്പർശമുള്ള ഗാനം ജോസ് പ്രകാശ് പി. ലീലയോടൊപ്പമാണ് പാടിയത്. ഈ ശീർഷക ഗാനം പുതിയ പ്രവണതയുടെ തുടക്കവുമായിരുന്നു. ആദ്യ ശ്രമം മോശമായില്ല. 1960 ആകുമ്പോഴേക്കും 60 ചലച്ചിത്രങ്ങളിൽ പാടിക്കൊണ്ട് അതിശ്രദ്ധേയനായിത്തീർന്നു. വിശപ്പിന്റെ വിളി, പ്രേമലേഖ, ദേവസുന്ദരി, ആൽഫോൺസ്, അവൻ വരുന്നു തുടങ്ങിയവ നാഴികക്കല്ലുകൾ .

1968ല്‍ ‘ലൗ ഇന്‍ കേരള’യില്‍ വില്ലനായി രംഗപ്രവേശം ചെയ്തു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശശികുമാറായിരുന്നു ഈ ചിത്രത്തിന്റെയും സംവിധായകന്‍ . പിന്നീട് വില്ലന്‍ വേഷങ്ങളുടെ പരമ്പരയായിരുന്നു.സ്നാപകയോഹന്നാനിലൂടെ സ്വഭാവ നടന്‍ എന്ന നിലയിലും പേരെടുത്തു. ഗായകന്‍ ദാസ് (കാട്ടുകുരങ്ങ്), പുതുപ്പണക്കാരന്‍ കുഞ്ഞാലി (ഓളവും തീരവും) മേനോന്‍ (ബീന) തുടങ്ങി ഏറെ കഥാപാത്രങ്ങള്‍ ആ കൈകളില്‍ ഭദ്രമായിരുന്നു. പെരുവഴിയമ്പലം, തുറമുഖം, ശക്തി, സ്നേഹമുള്ള സിംഹം, അര്‍ഥം, ഇന്ദ്രജാലം, ദേവാസുരം, പത്രം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ ആന്തരിക ബലം തെളിയിച്ചവയും. അഭിനയത്തിന്റെ തുടക്കകാലം മുതല്‍ മേരിലാന്റിന്റെ അവിഭാജ്യ ഘടകമായിരുന്നു ഇദ്ദേഹം. അച്ഛന്റെ ഭാര്യക്കുശേഷം ഭക്തകുചേല, സിഐഡി നസീര്‍ , ഈറ്റ, ലിസ, മാമാങ്കം, പുതിയ വെളിച്ചം, ലവ് ഇന്‍ സിങ്കപ്പൂര്‍ , മനുഷ്യമൃഗം, ശക്തി, ജോണ്‍ ജാഫര്‍ ജനാര്‍ദനന്‍ , കൂടെവിടെ, പിരിയില്ല നാം, നിറക്കൂട്ട്, രാജാവിന്റെ മകന്‍ , ഇന്ദ്രജാലം, ആകാശദൂത്, ദേവാസുരം, എന്റെ വീട് അപ്പൂന്റേയും തുടങ്ങിയ ചിത്രങ്ങളില്‍ മികവുറ്റ പ്രകടനങ്ങളായിരുന്നു.

തമിഴ് അടക്കം 450ലധികം സിനിമകളുടെ ഭാഗമായ അദ്ദേഹത്തിന്റെ അവസാന വേഷം ട്രാഫിക്കിലായിരുന്നുവെന്നത് മറ്റൊരു സന്തോഷം.അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ജോസ് പ്രകാശ് പൂര്‍ണമായും മിനി സ്ക്രീനിലേക്ക് മാറി. അവിടെയും തന്റെ സാന്നിധ്യമറിയിച്ചു. മിഖായേലിന്റെ സന്തതികള്‍ , ചാരുതല തുടങ്ങിയ പരമ്പരകള്‍ കുടുംബസദസ്സുകളുടെ പ്രിയപ്പെട്ട കാഴ്ചയായി. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത മിഖായേലിന്റെ സന്തതികളിലെ വേഷത്തിന് 1993ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.പത്മരാജന്റെ കൂടെവിടെ, എന്നീ സിനിമകൾ നിർമ്മിച്ചു. തുടര്‍ന്ന് ആയിരം കണ്ണുകള്‍ , ഉപഹാരം, ഈറന്‍ സന്ധ്യ തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു.ആയിരം കണ്ണുകള്‍ വലിയ നഷ്ടം വരുത്തിവെച്ചതോടെ നിര്‍മാണം അവസാനിപ്പിച്ചുവെന്നതാണ് സത്യം.

കഴിഞ്ഞ വർഷത്തിൽ ഇദ്ദേഹത്തിന്റെ കണ്ണുകളുടെ കാഴ്ചനഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തിരുന്നു.കൃഷ്ണന്‍നായർ എന്ന ജയനെ ജയൻ എന്ന പേരിട്ടത് ഇദ്ദേഹമായിരുന്നു. കൊച്ചിയില്‍ നേവി പെറ്റി ഓഫീസറായിരുന്ന ജയൻ ഇദ്ദേഹത്തിന്റെ മകന്‍ രാജന്റെ അടുത്ത സുഹൃത്തായിരുന്നു. നിർമ്മാതാവും നടനും സംവിധായകനുമായ സഹോദരനായ സഖറിയ എന്ന പ്രേം പ്രകാശിന്റെ മക്കളായ ബോബിയും സഞ്ജയും തിരക്കഥാകൃത്തുകളാണ്. നോട്ട്ബുക്ക്, ട്രാഫിക് എന്നീ സിനിമകളുടെ രചനകൾ ഇവരിരുവരുമാണ് .തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മരുമകനുമാണ്. 1995ല്‍ പരേതയായ ചിന്നമ്മയാണ് ഭാര്യ . എല്‍സമ്മ, ഗ്രേസി, സൂസണ്‍ , രാജന്‍ , ജാസ്മിന്‍ , ഷാജി എന്നിവരാണ് മക്കള്‍ .ഇതിൽ മകന്‍ ഷാജിയുമൊത്ത് എറണാകുളം വടുതലയിലായിരുന്നു ഇദ്ദേഹം താമസിച്ചുവന്നിരുന്നത്.

അരനൂറ്റാണുകളിലധികമായി മലയാള ചലചിത്രത്തിന്റെ ഭാഗമായ ഈ അതുല്യ അഭിനയ പ്രതിഭയുടെ വേര്‍പ്പാടില്‍ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.