Saturday, June 26, 2010

അടൂര്‍ പങ്കജത്തിനു പാഥേയത്തിന്റെ ആദരഞ്ജലി



പ്രശസ്ത നടി അടൂര്‍ പങ്കജം മരിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഇന്ന് (26/06/2010) രാത്രി ഒമ്പത് മണിയോടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കുറച്ചു കാലമായി അസുഖം ബാധിച്ചു കിടപ്പിലായിരുന്നു. സിനിമാ സീരിയല്‍ നടന്‍ അടൂര്‍ അജയന്‍ ഏക മകനാണ്‍. ഭര്‍ത്താവ് ദേവരാജന്‍ പോറ്റി നാലു വര്‍ഷം മുമ്പ് മരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 ന്‍ അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്. പങ്കജത്തിന്റെ മരണത്തോടെ അടൂര്‍ സിസ്റ്റേഴസ് ഓര്‍മ്മയായി.

'മധുമാധുര്യം' എന്ന നാടകത്തിലൂടെയാണ് പങ്കജം അഭിനയരംഗത്തെത്തുന്നത്. 12 ആം വയസിലായിരുന്നു ഈ നാടകത്തില്‍ അഭിനയിച്ചത്. പിന്നീട് രക്തബന്ധം, ഗ്രാമീണ ഗായകന്‍ , വിവാഹവേദി, വിഷമേഖല തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടു.

ഭവാനിയുടെ ആദ്യചിത്രമായ 'ശരിയോ തെറ്റോ'യിലും പങ്കജമുണ്ടായിരുന്നു. 'കരകാണാക്കടലി'ല്‍ സത്യന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി ഭവാനിയും കള്ളുകച്ചവടക്കാരി 'കടുക്കാമറിയ'മായി പങ്കജവും അഭിനയിച്ചു. ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 'ചെമ്മീനി'ലെ വേഷങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത്.ആദ്യകിരണങ്ങള്‍ , ഭാഗ്യജാതകം എന്നീ ചിത്രങ്ങളിലും അടൂര്‍ സഹോദരിമാരൊരുമിച്ചു.

1935 ല്‍ അടൂരിലെ പാറപ്പുറത്ത് കുഞ്ഞിരാമന്‍പിള്ളയുടേയും കുഞ്ഞുകുഞ്ഞമ്മയുടേയും എട്ടുമക്കളില്‍ രണ്ടാമത്തെ മകളായാണ്‍ അടൂര്‍ പങ്കജം എന്ന പങ്കജാക്ഷി ജനിച്ചത്. നാടകത്തിന്റെ നടവഴികളിലൂടെ നടന്ന മൂത്തമകള്‍ ഭവാനിയുടെ പിന്നാലെ പങ്കജവും നാടകലോകത്തെത്തി. ദാരിദ്രം മൂലം പങ്കജം നാലാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പാടാന്‍ കഴിവുള്ള പങ്കജത്തെ കുഞ്ഞിരാമന്‍പിള്ള, പന്തളം കൃഷ്ണപിള്ള ഭാഗവതരുടെ ശിഷ്യയാക്കി. പന്തളത്ത് താമസിച്ചായിരുന്നു പഠനം.

അങ്ങനെയിരിക്കെ കണ്ണൂര്‍ കേരള ലളിതകലാ നിലയത്തിന്റെ നടത്തിപ്പുകാരും പ്രശസ്ത നാടകക്കാരനുമായ കെ.പി.കെ പണിക്കരും സ്വാമി ബ്രഹ്മവ്രതനും പങ്കജത്തെ തേടിയെത്തി. അങ്ങനെ സ്വാമി ബ്രഹ്മവ്രതന്റെ 'മധുമാധുര്യം' എന്ന നാടകത്തില്‍ നായികയായി അഭിനയിച്ചു.

'രക്തബന്ധ'മായിരുന്നു അടുത്ത നാടകം. ഹാസ്യവേഷമായിരുന്നു അതില്‍. തുടര്‍ന്ന് ഹാസ്യനടിയെന്ന പേരില്‍ പങ്കജം പേരെടുത്തു. അതിനിടെയാണ് സിനിമയില്‍ നിന്നും വിളി വരുന്നത്. 'പ്രേമലേഖ'യാണ് ആദ്യം അഭിനയിച്ച ചിത്രം. അത് റിലീസായില്ലെങ്കിലും കുഞ്ചാക്കോയുടെ 'വിശപ്പിന്റെ വിളി'യാണ് ആദ്യം പുറത്തു വന്നത്.

ചെമ്മീന്‍, കടലമ്മ, അച്ഛന്‍ , അവന്‍ വരുന്നു, കിടപ്പാടം, പൊന്‍കതിര്‍ , പാടാത്ത പൈങ്കിളി, മന്ത്രവാദി, ഭക്തകുചേല, മറിയക്കുട്ടി, സി.ഐ.ഡി, സ്വാമി അയ്യപ്പന്‍ ‍, കരകാണാക്കടല്‍ തുടങ്ങി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. കുഞ്ഞിക്കൂനനാണ് അവസാന ചിത്രം.

മലയാള സിനിമയുടെ കുശുമ്പി അമ്മായിയമ്മക്ക് പാഥേയത്തിന്റെ ആദരഞ്ജലി.

3 comments:

പാഥേയം ഡോട്ട് കോം said...

അടൂര്‍ പങ്കജത്തിനു പാഥേയത്തിന്റെ ആദരഞ്ജലി.നിങ്ങള്‍ക്കും ഇവിടെ ആദരഞ്ജലികള്‍ രേഖപ്പെടുത്താം.

കരിയില said...

ആദരഞ്ജലി

http://paadheyam.com/masika/?p=304

Umesh Pilicode said...

ആദരഞ്ജലികള്‍........