Sunday, October 10, 2010

വള്ളത്തോളും വയലാറും വിഷണുനാരായണന്‍ നമ്പൂതിരിയും ഒത്തുചേരുമ്പോള്‍


വള്ളത്തോള്‍ പുരസ്ക്കാരത്തിനു പിന്നാലെ വയലാര്‍ അവാര്‍ഡും കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തേടി എത്തിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ ‘ചാരുലത’ എന്ന കവിതാസമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്. 25000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡെങ്കില്‍ വള്ളത്തോള്‍ പുരസ്ക്കാരം 1,11,111രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ്. ഈ തുകയിലൊന്നും കാര്യമില്ല!എന്നാലും പറഞ്ഞുവെന്നു മാത്രം.പുരസ്കാരമാണല്ലോ വലുത്.


പി സ്മാരക കവിതാ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുമുണ്ട്.അതുപോലെ വിശിഷ്ട അംഗത്വം നല്കി കേരള സാഹിത്യ അക്കാദമി ഇദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്.

മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വം നല്‍കിയ ഇദ്ദേഹം വിലയിരുത്തപ്പെടുന്നത്. പാരമ്പര്യവും ആധുനികതയും വിദഗ്ധമായി സമ്മേളിപ്പിക്കുന്ന ഒരു ശൈലി നമുക്ക് ഇദ്ദേഹത്തിന്റെ കാവിതകളില്‍ കാണാവുന്നതാണ്‍.

എന്‍.വി. കൃഷ്ണവാര്യരെ കണ്ടുമുട്ടിയതായിരുന്നു ഇദ്ദേഹത്തിന്റെ കാവ്യ ജീവിതത്തിലെ വഴിതിരിവ് അല്ലെങ്കില്‍ ജീവിതം മറ്റൊന്നാകുമായിരുന്നു.
എന്‍.വി. കൃഷ്ണവാര്യര്‍ തിരുത്താതെ തന്റെ ഒരു കവിതയും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പ്രസിദ്ധപ്പെടുത്തിയതിന്റെ മൂന്നിരട്ടി കവിതകള്‍ പ്രസിദ്ധപ്പെടുത്താതെ തിരിച്ചയച്ചിട്ടുണ്ടെന്നും. തന്റെ തലമുറയെ കവിത എഴുത്ത് പഠിപ്പിച്ചത് എന്‍.വിയാണെങ്കില്‍ വഴികാട്ടിയായത് വൈലോപ്പിള്ളിയാണെന്നും ഇദ്ദേഹം പറഞ്ഞു.

അതുപോലെ എന്‍.വി സംഘടിപ്പിച്ച ഒരു സാഹിത്യ ക്യാമ്പിലാണ് വയലാര്‍ രാമവര്‍മയെ ആദ്യമായി കാണുന്നതെന്നും ഞാന്‍ പിന്‍ ബെഞ്ചിലിരിക്കുകയായിരുന്ന തന്റെ അരികില്‍ വന്ന് ശ്ലോകക്കാരനായ തന്നെ ഞാനറിയും എന്ന് പറഞ്ഞത് ഇന്നും ഓര്‍മയിലുണ്ട്. അന്ന് രണ്ടോ, മൂന്നോ ശ്ലോകങ്ങള്‍ മാത്രമേ എന്റേതായി പ്രസിദ്ധപ്പെടുത്തിയിരുന്നുളുവെങ്കിലും ഇത് എനിക്ക് വളരെ പ്രചോതനം നല്‍കിയെന്ന് ഇദ്ദേഹം അനുസ്മരിച്ചു. മാനുഷിക മൂല്യവും സ്‌നേഹവുമുള്ള കവിയായ വയലാര്‍ രാമവര്‍മയുടെ പേരിലുള്ള പുരസ്‌കാര ലബ്ധി തന്നെ സന്തോഷവാനാക്കുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുപോലെ വള്ളത്തോള്‍ പുരസ്‌കാരത്തിനു താന്‍ യോഗ്യനാണോ എന്നറിയില്ലയെന്നും, ദൂരെ നിന്നു മാത്രം കണ്ടുപരിചയമുള്ള മഹാകവിയായിരുന്നു വള്ളത്തോളെന്നും ഇദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഡയറിക്കുറിപ്പുകളും മറ്റും കണ്ടതുമാത്രമാണ് കവിയുമായുള്ള ബന്ധം.ഞാന്‍ കവിത എഴുതിയില്ലായിരുന്നെങ്കില്‍ മലയാളത്തില്‍ ഒരു നഷ്ടവും ഉണ്ടാകുമായിരുന്നില്ലയെന്നും ഇദ്ദേഹം പറഞ്ഞു.

പ്രണയഗീതങ്ങള്‍, സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, അപരാജിത എന്നിവയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രധാനകൃതികള്‍.

വിശ്വമാനവികതയുടെ വിശാലതയും ഭാരതീയസംസ്ക്കാരത്തിന്റെ
വിശുദ്ധിയും ഗ്രാമീണജീവിതത്തിന്റെ ശാലീനതയും ഉള്‍ക്കൊള്ളുന്ന ഇദ്ദേഹത്തിന്റെ കാവ്യശില്പങ്ങള്‍ മലയാള കാവ്യശാഖയ്ക്ക് അമൂല്യസമ്പത്താണ്.

ഈ പുരസ്‌കാരങ്ങളുടെ നിറവില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് പാഥേയം ആശംസകള്‍ അര്‍പ്പിക്കുന്നു.

Sunday, September 12, 2010

ഉസ്ലാംപട്ടി പെണ്‍കുട്ടി ഇനി ഓര്‍മയില്‍ മാത്രം



പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത അന്തരിച്ച വിവരം നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ചെന്നൈയിലെ സ്വകാര്യ ആസ്​പത്രിയില്‍ ശ്വാസകോശസംബന്ധമായ അസുഖത്തിനായി ചികിത്സയിലിരിക്കെ ഇന്ന് (ഞായറാഴ്ച) ഉച്ചക്ക് 12 മണിക്കായിരുന്നു മരണം.37 വയസായിരുന്നു.ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ രോഗം മൂര്‍ഛിക്കുകയായിരുന്നു.

പ്രശസ്ത ഹാര്‍മോണിസ്റ്റായ കെ.സി.ചെറുകുട്ടിയുടെയും കല്യാണിയുടെയും മകളായി പാലക്കാട് ചിറ്റൂരിലെ അത്തിക്കോട് എന്ന സ്ഥലത്താണ് സ്വര്‍ണ്ണലത ജനിച്ചത്. പിന്നീട് കുടുംബം കര്‍ണ്ണാടകയിലെ ഷിമോഗയിലേക്കു താമസം മാറ്റിയതിനാല്‍ സ്വര്‍ണ്ണലത പഠിച്ചതും വളര്‍ന്നതുമൊക്കെ കര്‍ണ്ണാടകയിലാണ്. മൂന്നാം വയസ്സില്‍ സംഗീതപഠനം തുടങ്ങി സ്വര്‍ണ്ണലത മൂത്തചേച്ചി സരോജത്തിന്റെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ചു.പിന്നീട് 1987ല്‍ ഇവര്‍ മദ്രാസിലേക്കു കുടിയേറി. ചലച്ചിത്ര പിന്നണിഗായികയാകണമെന്ന ലക്ഷ്യത്തോടെ മദ്രാസിലെത്തിയ അവര്‍ നാട്ടുകാരനായ പ്രശസ്ത സംഗീതസംവിധായകന്‍ എം.എസ് വിശ്വനാഥനെ കണ്ടു.ഈ കൂടിക്കാഴ്ച ഇവരുടെ സംഗീതജീവിതത്തിന് വഴിത്തിരിവുണ്ടാക്കി.

മലയാളത്തില്‍ ഇവര്‍ പാടിയത് വിരലിലെണ്ണാവുന്ന ഗാനങ്ങള്‍ മാത്രം. കണ്ണൂര്‍ രാജന്റെ സംഗീതസംവിധാനത്തിലാണ് ലത ആദ്യമായി മലയാളത്തില്‍ പാടിയത്. ആയിരം ചിറകുളള മോഹം, മന്മഥ ശരങ്ങള്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍. ഇതില്‍ 'ആയിരം ചിറകുളള മോഹം എന്ന ചിത്രത്തിലെ ''രാഗവതീ അനുരാഗവതീ....എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമായി.

സാദരം,മിന്നാമിന്നിനും മിന്നുകെട്ട്, തച്ചോളി വര്‍ഗീസ് ചേകവര്‍ , അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, കാട്ടിലെ തടി തേവരുടെ ആന, മംഗല്യസൂത്രം, സാക്ഷ്യം, പുന്നാരം, കര്‍മ്മ, ഏഴരക്കൂട്ടം,ഹൈവേ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.മോഹം എന്ന ആല്‍ബത്തിനു വേണ്ടിയാണ് ഇവര്‍ മലയാളത്തില്‍ അവസാനമായി പാടിയത്.

1994ല്‍ 'കറുത്തമ്മ എന്ന ചിത്രത്തിലെ ''പോറാളെ പൊന്നുത്തായേ.... എന്നു തുടങ്ങുന്ന ഗാനത്തിന് സ്വര്‍ണ്ണലതയ്ക്ക് മികച്ച ഗായികയ്ക്കുളള ദേശീയ അവാര്‍ഡു ലഭിച്ചു.1991ല്‍ 'ചിന്നതമ്പിയിലെ ''പോവോമാ ഉൌര്‍കോലം.... എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുളള തമിഴ്നാട് സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു. 1991 മുതല്‍ തുടര്‍ച്ചയായി നാലുകൊല്ലം തംസ് അപ്പ് അവാര്‍ഡ് നേടിയ സ്വര്‍ണ്ണലത 1994ല്‍ കലൈമണി പുരസ്കാരവും സ്വന്തമാക്കി.



'നീതിക്കു ദണ്ഡനൈ എന്ന തമിഴ് ചിത്രത്തില്‍ പാടുവാന്‍ എം.എസ്.വിശ്വനാഥന്‍ സ്വര്‍ണ്ണലതയ്ക്ക് അവസരം നല്‍കി. സുബ്രഹ്മണ്യ ഭാരതിയുടെ ''ചിന്നഞ്ചിറുകിളിയേ കണ്ണമ്മാ... എന്നു തുടങ്ങുന്ന ആദ്യഗാനം ലത പാടിയത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പമാണ്. അതിനുശേഷം ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ പാടിയ 'ഗുരു ശിഷ്യന്‍ എന്ന ചിത്രത്തിലെ ''ഉത്തമപുത്രി നാന്‍ ‍..... എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു.

ഇളയരാജ സംഗീതം നല്‍കിയ ''ചിന്നത്തമ്പി....., ''പോവാമാ ഉൌര്‍കോലം... തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായതോടെ സ്വര്‍ണ്ണലത തമിഴ്നാട്ടിലെ പ്രശസ്തഗായികയായി. ''റാക്കമ്മാ കൈയ്യത്തട്ട്....(ദളപതി), ''ആട്ടമ്മ തോരാട്ടമ്മ...(ക്യാപ്റ്റന്‍ പ്രഭാകര്‍ ), ''മാസി മാസം ആളാന പൊണ്ണ്....'(ധര്‍മ്മദുരൈ), ''കാതല്‍ കടിതം....'(ചേരന്‍ പാണ്ഡ്യന്‍ ), ''മലൈയില്‍ യാരോ മനേതാട്...(ക്ഷത്രിയന്‍ ), ''കുയില്‍പാട്ട് സന്തതെന്ന....(എന്‍ രാസാവിന്‍ മനസ്സിലെ), ''അന്തിവെയിലേ വാനം....'(ചിന്നവര്‍ ), ''കാലൈയില്‍ കേട്ടത്....(ശെന്തമിഴ് പാട്ട്), ''ചന്ദന മലര്‍കളെ....(കാവിയ തലൈവന്‍ ), ''മുക്കാല മുക്കാബല...(കാതലന്‍ ‍), ''കുച്ച് കുച്ച് രാക്കമ്മ പൊണ്ണുവേണം...(ബോംബെ), ''ഉസ്ലാംപട്ടി പെണ്‍കുട്ടി...(ജന്റില്‍മാന്‍ )തുടങ്ങിവയാണ് തമിഴില്‍ സ്വര്‍ണ്ണലതയുടെ ചില പ്രശസ്ത ഗാനങ്ങള്‍ .

നാലു തെന്നിന്ത്യന്‍ ഭാഷകള്‍ക്കു പുറമെ ഹിന്ദിയിലും ഒറിയയിലുമായി ഏകദേശം രണ്ടായിരത്തിലധികം ഗാനങ്ങള്‍ സ്വര്‍ണ്ണലത പാടിയിട്ടുണ്ട്.ചലചിത്രലോകത്തെ പ്രണയ ഗായികയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

Thursday, September 9, 2010

വിപ്ലവ സം‌വിധായകന്റെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.


നടനും സംവിധായകനും തിരക്കഥാകൃത്തുമായ വേണുനാഗവള്ളി ഇന്ന് (വ്യാഴാഴ്ച) പുലര്‍ച്ചെ 1.30ന് തിരുവനന്തപുരത്തെ കിംസ് ആസ്​പത്രിയില്‍ വെച്ച് അന്തരിച്ച വിവരം എന്നെപ്പോലെ നിങ്ങളും അറിഞിരിക്കുമല്ലോ?.. ദീര്‍ഘകാലമായി കരള്‍സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം.

നാഗവള്ളി ആര്‍ .എസ്.കുറുപ്പിന്റെയും രാജമ്മയുടെയും മകനായാണ് 1949 ഏപ്രില്‍ 16ന് വേണുഗോപാല്‍ എന്ന വേണു നാഗവള്ളി ജനിച്ചത്.ഇദ്ദേഹത്തിന്റെ എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുന്‍നിരക്കാരില്‍ ഒരാളുമായിരുന്നു.

തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍ , യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം . ആള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തെ തുടര്‍ന്ന് സിനിമയിലെത്തി അഭിനേതാവായി തുടങ്ങി സംവിധായകനുമായി മാറി.

1979 ല്‍ ജോര്‍ജ് ഓണക്കൂറിന്റെ 'ഉള്‍ക്കടല്‍ ' കെ.ജി. ജോര്‍ജ്‌ സിനിമയാക്കിയപ്പോള്‍ വേണു നാഗവള്ളിയായിരുന്നു നായകന്‍ . വിഷാദം തുളുമ്പുന്ന പ്രണയനായകനായി അക്കാലത്ത് നിരവധി ചിത്രങ്ങളില്‍ ഇദ്ദേഹം നായകനായി. ശാലിനി എന്റെ കൂട്ടുകാരിയില്‍ ഉര്‍വശി ശോഭയോടൊപ്പം നായകനായത് ഏറെ ശ്രദ്ധിക്കപ്പെട്ടു. യവനിക, ചില്ല്, ഓമനത്തിങ്കള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, മീനമാസത്തിലെ സൂര്യന്‍ , ആരാന്റെ മുല്ല കൊച്ചുമുല്ല, ആദാമിന്റെ വാരിയെല്ല്, ദേവദാസ്, വാര്‍ത്ത തുടങ്ങിയവ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഇദ്ദേഹത്തിന്റെ ചിത്രങ്ങളാണ്.

സൂപ്പര്‍ഹിറ്റായ സുഖമോദേവി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് 1986ല്‍ സംവിധാനരംഗത്തെക്ക് വന്ന ഇദ്ദേഹം 12 സിനിമകള്‍ സംവിധാനം ചെയ്യുകയുയി. സര്‍വകലാശാല, അയിത്തം, ലാല്‍സലാം, ഏയ് ഓട്ടോ, ആയിരപ്പറ, അഗ്‌നിദേവന്‍, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്.

എന്‍ ‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെ വേണു തിരക്കഥാ കൃത്തുമായ ഇദ്ദേഹം തുടര്‍ന്ന് ഗായത്രീദേവി എന്റെ അമ്മ, ഗുരുജി ഒരു വാക്ക്, ദൈവത്തെ ഓര്‍ത്ത്, അര്‍ഥം,സുഖമോ ദേവി , അഹം, കിലുക്കം, വിഷ്ണു, എന്നീ ചിത്രങ്ങള്‍ക്കും അദ്ദേഹം തിരക്കഥയൊരുക്കി.ഇതില്‍ ജനപ്രീതി നേടിയ 'കിലുക്കം' എന്ന ചിത്രത്തിന്റെ തിരക്കഥയോടെ ഹാസ്യവും നന്നായി വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

പുതുമുഖ സംവിധായകന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ കോളേജ്‌ ഡെയ്സിലാണ്‌ ഇദ്ദേഹം അവസാനമായി അഭിനയിച്ചത്‌. മെഡിക്കല്‍ കോളേജ്‌ ക്യാമ്പസില്‍ വച്ച്‌ നടന്ന കൊലപാതകങ്ങളുടെ ചുരുളഴിക്കാനെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ്‌ ഇദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിച്ചത്‌. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ഭാഗ്യദേവതയാണ്‌ ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ പുറത്തുവന്ന അവസാനചിത്രം.

ഇന്ന് രാവിലെ എട്ടുമണിയോടെ കവടിയാറിലെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരിക്കും.

മലയാള ചലചിത്രലോകത്തെ വിരഹകാമുകന്റെയും വിപ്ലവ സം‌വിധായകന്റെയും വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

Thursday, August 19, 2010

പാഥേയം ആഗസ്റ്റ് ലക്കം

പാഥേയം ആഗസ്റ്റ് ലക്കം വായനക്ക് തയ്യാറായി.

ആഗസ്റ്റ് മാസത്തിലെ പ്രാധാന്യം നിലര്‍നിര്‍ത്തുന്ന രീതിയില്‍ റമദാന്‍ ,സ്വാതന്ത്ര്യദിനം,രാമായണമാസം,ഓണം തുടങ്ങി എല്ലാം അടങ്ങുന്ന ഒരു സമ്പൂര്‍ണ പതിപ്പ്.

ആഗസ്റ്റ് പാഥേയം കലവറയില്‍ വായിക്കുക. റമദാന്‍ വിഭവങ്ങള്‍ എന്ന ഒരു പുതിയ പംക്തി.

ഒപ്പം അടിപൊളി ഓണസദ്യ ഒരുക്കിയിരിക്കുന്നു.

ഇപ്രാവശ്യം വിനോദത്തില്‍ വായിക്കാം.ഓണമൊഴികള്‍ ,ഓണകളികള്‍ ,ഓണപാട്ടുകള്‍ തുടങ്ങിയവ.

സ്വതന്ത്ര്യത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ ഒരു യാത്ര.

ഓണത്തിന്റെ ഐതീഹ്യം.

പുണ്യങ്ങളുടെ പൂക്കാലം (റമദാന്റെ പ്രത്യേഗതകളെ കുറിച്ചുള്ള ലേഖനം).

വിയോഗം (മുരളിയേയും രാജന്‍ പി ദേവിനെയും കുറിച്ചുള്ള ലേഖനം).

ഓര്‍മയില്‍ നേതാജിയെ കുറിച്ചുള്ള ലേഖനം.

ജന്മദിനത്തില്‍ മദര്‍ തെരേസയെ കുറിച്ചുള്ള ലേഖനം.

ആദരാഞ്ജലികളില്‍ പാണ്ഡ്യത്ത്യമാം വിളക്കണഞ്ഞു പ്രൊഫ.എ ശ്രീധരമേനോനെ കുറിച്ചുള്ള ലേഖനം
ഒപ്പം കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ചുമുള്ള ലേഖനം.

സിനിമാ നിരൂപണത്തില്‍ മിസ്റ്റര്‍ സിങ്‌ & മിസ്സിസ് മെഹ്ത്ത എന്ന ബോളിവുഡ് ചിത്രത്തെ പറ്റി.

കൂടാതെ ആരോഗ്യം എന്ന പംക്തിയില്‍ അയൂവേദ ചികിത്സയുമായി ബന്ധപ്പെട്ട ലേഖനം.

ഒപ്പം വനിതാവേദി,ബാലപംക്തി,കഥകള്‍,കവിതകള്‍ തുടങ്ങിയവ.

വായിച്ചശേഷം പംക്തികളെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതാന്‍ മറക്കരുത്!.

Wednesday, August 18, 2010

മലയാള ചലചിത്രലോകത്തെ പോലീസ് വില്ലന്റെ വിയോഗത്തില്‍ പാഥേയത്തിന്റെ ബാഷ്പാഞ്ചലി.



സിനിമാ - സിരിയല്‍ നടന്‍ സുബൈര്‍ അന്തരിച്ച വിവരം ഇതിനകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് (ബുധനാഴ്ച) രാത്രി 8.50 ഓടെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയിലായിരുന്നു അന്ത്യം. കുടുംബത്തേയുംകൊണ്ട് കാറില്‍ യാത്ര ചെയ്യുമ്പോള്‍ വഴിക്കുവച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സ്വയം ഡ്രൈവ്‌ചെയ്ത് സിറ്റി ഹോസ്​പിറ്റലിലെത്തിയ സുബൈറിന് അവിടെ പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് സുഹൃത്ത് മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയിലെത്തിച്ചെങ്കിലും ഉടനെ മരണം സംഭവിക്കുകയായിരുന്നു.നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.സിനിമയില്‍ തിരക്കേറിയതിനുശേഷം കൊച്ചിയില്‍ സ്ഥിര താമസമാക്കിയിരിക്കുകയായിരുന്നു ഇദ്ദേഹം .

'ഭരത'മെന്ന സിനിമയിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. ഫസ്റ്റ്‌ബെല്‍ , സ്ഥലത്തെ പ്രധാന പയ്യന്‍സ്, ആകാശദൂത്, ലേലം, ക്രൈം ഫയല്‍ , സായ്‌വര്‍ തിരുമേനി, ടൈഗര്‍‍ , നാദിയ കൊല്ലപ്പെട്ട രാത്രി, ഗാന്ധര്‍വം, അരയന്നങ്ങളുടെ വീട്, ഇമ്മിണി നല്ലൊരാള്‍ , ഐ.ജി., പളുങ്ക് , ഭരത്ചന്ദ്രന്‍ ഐ.പി.എസ്., ബല്‍റാം V/s താരാദാസ്, തിരക്കഥ,പഴശ്ശിരാജ തുടങ്ങിയവയാണ് ഇദ്ദെഹം അഭിനയിച്ച പ്രധാന സിനിമകള്‍ .

കണ്ണൂര്‍ ചൊക്ലി കൊസാലന്‍റവിട പരേതനായ സുലൈമാന്‍ന്റെയും അയിഷയുടേയും മകനാണ് ഇദ്ദേഹം . ഭാര്യ: ദില്‍ഷാദ്. മകന്‍ അമനെ കൂടാതെ മൂന്നാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞുമുണ്ട്.

മലയാള ചലചിത്രലോകത്തെ പോലീസ് വില്ലന്റെ വിയോഗത്തില്‍ പാഥേയത്തിന്റെ ബാഷ്പാഞ്ചലി.

Saturday, July 31, 2010

മലയാള പത്ര തറവാട്ടിലെ മഹാവൃക്ഷം വേരറ്റു



ഇന്ത്യന്‍ പത്രലോകത്തെ ആചാര്യനും മലയാള മനോരമ മുഖ്യപത്രാധിപരുമായ കെ.എം മാത്യു ഇന്ന് (ആഗസ്റ്റ് ഒന്ന്) പുലച്ചെ ആരുമണിക്ക് അന്തരിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. മൃതദേഹം വൈകിട്ടു നാലു മണിയോടെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയില്‍ കൊണ്ടുവരും. ഭൌതിക ശരീരം നാളെ ഉച്ചയ്ക്ക് ഒരു മണിക്കു കോട്ടയം മലയാള മനോരമ ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ വൈകിട്ടു നാലിനു കോട്ടയം പുത്തന്‍പള്ളിയില്‍ സംസ്കാരിക്കും

കോട്ടയത്തെ കണ്ടത്തില്‍ കുടുംബത്തില്‍ കെ. സി. മാമ്മന്‍ മാപ്പിളയുടെയും കുഞ്ഞാണ്ടമ്മ എന്ന മാമ്മിയുടെയും എട്ടാമത്തെ കുട്ടിയായി 1917 ജനുവരി രണ്ടിന് ജനിച്ചു. കുട്ടനാട്ടില്‍ കുപ്പപ്പുറത്തെ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്കൂളിലും കോട്ടയം എംഡി സെമിനാരി ഹൈസ്കൂളിലുമായി പഠനം തുടര്‍ന്നു. കോട്ടയം സിഎംഎസ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ശേഷം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദപഠനം.

പിതാമഹന്റെ സഹോദരനായ കണ്ടത്തില്‍ വറുഗീസ് മാപ്പിള 1888 ല്‍ തുടക്കമിട്ട്, പിതാവ് കെ.സി മാമ്മന്‍ മാപ്പിള, ജ്യേഷ്ഠന്‍ കെ.എം ചെറിയാന്‍ എന്നിവരുടെ പത്രാധിപത്യത്തിലൂടെ വളര്‍ന്ന മലയാള മനോരമയില്‍ മാനേജിങ് എഡിറ്ററും ജനറല്‍ മാനേജരുമായി കെ.എം മാത്യു ചുമതലയേല്‍ക്കുന്നതു 1954 ലാണ്. പഠനശേഷം ചിക്മഗളൂരില്‍ എസ്റ്റേറ്റ് മേല്‍നോട്ടവും പിന്നീട് മുംബൈയില്‍ കുടുംബ ബിസിനസും നടത്തിയ ശേഷമായിരുന്നു മനോരമ പ്രവേശം. 1973 ല്‍ കെ.എം ചെറിയാന്റെ നിര്യാണത്തെ തുടര്‍ന്ന് ചീഫ് എഡിറ്ററായി.

മാത്യു മനോരമയില്‍ വരുമ്പോള്‍ 30,000 കോപ്പി മാത്രമായിരുന്ന പ്രചാരം പതിനെട്ടു ലക്ഷത്തിലേറെ കോപ്പികളാണ് ഇപ്പോള്‍. കോട്ടയത്തു നിന്നു മാത്രം പ്രസിദ്ധീകരിച്ചിരുന്ന മനോരമയ്ക്ക് ഇന്ത്യയിലും വിദേശത്തുമായി ഇപ്പോള്‍ പതിനേഴ് എഡിഷനുകളുണ്ട്.

മനോരമ ആഴ്ചപ്പതിപ്പ്, ഭാഷാപോഷിണി, വനിത, ദ് വീക്ക് , ബാലരമ എന്നിവയുള്‍പ്പെടെ വിവിധ ഭാഷകളിലായുള്ള നാലു ഡസനോളം പ്രസിദ്ധീകരണങ്ങളും മനോരമ ന്യൂസ് ടിവി ചാനല്‍, മനോരമ മ്യൂസിക്, റേഡിയോ മാംഗോ, മനോരമ ഓണ്‍ലൈന്‍ തുടങ്ങിയ സംരഭങ്ങളും ഉള്‍പ്പെട്ട മനോരമ കുടുംബത്തിന്റെ കാരണവരായിരുന്നു കെ.എം. മാത്യു.

സമൂഹത്തിനു നല്‍കിയ വിശിഷ്ട സംഭാവനകള്‍ മാനിച്ച് 1998ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപര്‍ക്ക് 'ഇന്ത്യന്‍ എക്സ്പ്രസ് ഏര്‍പ്പെടുത്തിയ ബി. ഡി. ഗോയങ്ക അവാര്‍ഡ് , ഫൌണ്ടേഷന്‍ ഫോര്‍ ഫ്രീഡം ഒാഫ് ഇന്‍ഫര്‍മേഷന്‍ അവാര്‍ഡ് , പത്രരംഗത്തു ദീര്‍ഘകാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും മാത്യുവിനെ തേടിയെത്തി.

ആത്മകഥയായ 'എട്ടാമത്തെ മോതിരം, പത്നി മിസിസ് കെ. എം. മാത്യുവിന്റെ വിയോഗത്തെത്തുടര്‍ന്ന് എഴുതിയ 'അന്നമ്മ എന്ന ഓര്‍മ്മപ്പുസ്തകം എന്നിവയാണു കൃതികള്‍.

പത്നി അന്നമ്മ ചാത്തന്നൂര്‍ കൈതക്കുഴി നെടുഞ്ചിറ ബംഗാവില്‍( റിവര്‍സൈഡ്) പരേതനായ ഡോ. ജോര്‍ജ് ഫിലിപ്പിന്റെ മകളാണ്. 2003 ല്‍ മരണംവരെ 'വനിതയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന മിസിസ് കെ.എം. മാത്യു പ്രശസ്തയായ പാചകവിദഗ്ധയും ഇംഗീഷിലും മലയാളത്തിലുമായി രണ്ട് ഡസനിലേറെ പാചകഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
മലയാള മനോരമ എഡിറ്റര്‍ മാമ്മന്‍ മാത്യു, മാനേജിങ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു, തങ്കം മാമ്മന്‍ എന്നിവരാണു മക്കള്‍ .

മലയാള പത്ര തറവാട്ടിലെ കുലപതിയുടെ വിയോഗത്തില്‍ പാഥേയത്തിന്റെ ബാഷ്പാഞ്ചലി.

Wednesday, July 28, 2010

പാഥേയം ആഗസ്റ്റ് ലക്കം അണിയറയില്‍

പാഥേയം ആഗസ്റ്റ് ലക്കം അണിയറയില്‍ ഒരുങ്ങുന്നു.ആഗസ്റ്റ് മാസം ഒന്നാം തിയതിയില്‍ പുറത്തിറങ്ങുന്നു.
ആഗസ്റ്റ് മാസത്തിലെ പ്രാധാന്യം നിലര്‍നിര്‍ത്തുന്ന രീതിയില്‍ റമദാന്‍,സ്വാതന്ത്ര്യദിനം,രാമായണമാസം,ഓണം തുടങ്ങി എല്ലാം അടങ്ങുന്ന ഒരു സമ്പൂര്‍ണ പതിപ്പ്.

ആഗസ്റ്റ് പാഥേയം കലവറയില്‍ വായിക്കുക. റമദാന്‍ വിഭവങ്ങള്‍ എന്ന ഒരു പുതിയ പംക്തി.

ഒപ്പം അടിപൊളി ഓണസദ്യ ഒരുക്കിയിരിക്കുന്നു.

ഇപ്രാവശ്യം വിനോദത്തില്‍ വായിക്കാം.ഓണമൊഴികള്‍,ഓണകളികള്‍,ഓണപാട്ടുകള്‍ തുടങ്ങിയവ.

സ്വതന്ത്ര്യത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ ഒരു യാത്ര.
ഓണത്തിന്റെ ഐതീഹ്യം.
പുണ്യങ്ങളുടെ പൂക്കാലം (റമദാന്റെ പ്രത്യേഗതകളെ കുറിച്ചുള്ള ലേഖനം).
വിയോഗം (മുരളിയേയും രാജന്‍ പി ദേവിനെയും കുറിച്ചുള്ള ലേഖനം).
ഓര്‍മയില്‍ നേതാജിയെ കുറിച്ചുള്ള ലേഖനം.
ജന്മദിനത്തില്‍ മദര്‍ തെരേസയെ കുറിച്ചുള്ള ലേഖനം.

ആദരാഞ്ജലികളില്‍ പാണ്ഡ്യത്ത്യമാം വിളക്കണഞ്ഞു പ്രൊഫ.എ ശ്രീധരമേനോനെ കുറിച്ചുള്ള ലേഖനം
ഒപ്പം കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ചുമുള്ള ലേഖനം.

സിനിമാ നിരൂപണത്തില്‍ മിസ്റ്റര്‍ സിങ്‌ & മിസ്സിസ് മെഹ്ത്ത എന്ന ബോളിവുഡ് ചിത്രത്തെ പറ്റി.

കൂടാതെ ആരോഗ്യം എന്ന പംക്തിയില്‍ അയൂവേദ ചികിത്സയുമായി ബന്ധപ്പെട്ട ലേഖനം.

ഒപ്പം വനിതാവേദി,ബാലപംക്തി,കഥകള്‍,കവിതകള്‍ തുടങ്ങിയവ.

കാത്തിരിക്കുക,ഇനി മൂന്നു നാളുകള്‍ മാത്രം!.

Thursday, July 22, 2010

പാണ്ഡ്യത്തമാം ആ വിളക്കണഞ്ഞു


പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ പ്രൊഫ.എ ശ്രീധരമേനോന്‍ ഇന്ന് (23/07/2010) രാവിലെ ആറുമണിക്ക് അന്തരിച്ചവിവരം അറിഞ്ഞിരിക്കുമല്ലോ.എണ്‍പത്തിനാലുവയസ്സായിരുന്നു. തിരുവനന്തപുരത്ത് ജവഹര്‍നഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

കേരള ചരിത്രത്തെ രേഖപ്പെടുത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു. ചരിത്രത്തെ അടയാളപ്പെടുത്തുന്ന ആധികാരികമായ നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 1997 ല്‍ കേരള ചരിത്രത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പുസ്തകത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇടതുപക്ഷ ബുദ്ധിജീവീകളില്‍ നിന്ന് വിമര്‍ശനമുയരാന്‍ കാരണമായത്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2009 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു.

ആധുനിക കേരളചരിത്രരചനയെ ജനകീയവത്കരിച്ചത് ആലപ്പാട്ട് ശ്രീധരമേനോന്‍ എന്ന പ്രൊഫ. എ. ശ്രീധരമേനോനാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം രചിച്ച പ്രൗഢ ഗ്രന്ഥങ്ങളാണ് ഇന്നും കേരളത്തിന്റെ പ്രധാന ചരിത്രപാഠങ്ങള്‍. പ്രഗത്ഭനായ അധ്യാപകനായിരുന്ന ശ്രീധരമേനോന്‍ വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമയാണ്. ചരിത്രത്തില്‍ ഏറെ ദുഷിക്കപ്പെട്ട സര്‍. സി.പി. രാമസ്വാമിഅയ്യരെ വേറിട്ട കാഴ്ചപ്പാടില്‍ അവതരിപ്പിച്ചതോടെ ഏറെ വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം വിധേയനായി.

1925 ഡിസംബര്‍ 18ന് എറണാകുളത്തായിരുന്നു എ ശ്രീധരമേനോന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റും രാജാവിന്റെ സ്‌കോളര്‍ഷിപ്പോടെ മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും നേടി. 1948 ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലാണ് അധ്യാപന ജീവിതം തുടങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും അധ്യാപകനായി പ്രവര്‍ത്തിച്ചു. പിന്നീട് അമേരിക്കന്‍ സ്‌കോളര്‍ഷിപ്പോടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടി.

1958 ല്‍ അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ അദ്ദേഹം കേരള സ്റ്റേറ്റ് ഗസറ്റീറുകളുടെ ആദ്യ എഡിറ്റായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസസര്‍, കേരള സര്‍വകലാശാല രജിസ്ട്രാര്‍ സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ സെനറ്റിലും അക്കാദമിക് കൗണ്‍സിലിലും, പരീക്ഷാ ബോര്‍ഡ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയിലും അംഗമായിരുന്നിട്ടുണ്ട്.

അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ :-കേരളചരിത്രം,കേരള സംസ്‌കാരം,കേരള ചരിത്ര ശില്പികള്‍ ,ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളില്‍ ),കേരള രാഷ്ട്രീയ ചരിത്രം 1885-1957,കേരളവും സ്വാതന്ത്ര്യ സമരവും,
സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും,പുന്നപ്രവയലാറും കേരള ചരിത്രവും,അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ ,സര്‍ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്‌കാര നിര്‍ദ്ദേശം,സ്വതന്ത്രതിരുവിതാംകൂര്‍ വാദവും സര്‍ സി.പി. എന്ന വില്ലനും

സരോജിനി ദേവിയാണ് ഭാര്യ. മക്കള്‍ പൂര്‍ണിമ, സതീഷ് കുമാര്‍. സംസ്‌കാരം ശനിയാഴ്ച നടക്കും.

ഈ മഹാനായ പണ്ഡിതനുമുന്നില്‍ പാഥേയം അര്‍പ്പിക്കട്ടെ ആദരാഞ്ജലികള്‍

Monday, July 19, 2010

കഥകളി ആചാര്യനു പാഥേയത്തിന്റെ ആദരാഞ്ജലികള്‍



ചിത്രം : ബ്രൈറ്റ്

ഇന്ന് 2010 ജൂലായ് 19.കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ശിവരാമന്‍ അന്തരിച്ച വിവരമറിഞ്ഞിരിക്കുമല്ലോ?.എഴുപത്തിനാലുവയസ്സായിരുന്നു. പാലക്കാട്ട് കാറല്‍മണ്ണയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

കളിയരങ്ങിന്റെ സൗന്ദര്യമായിരുന്നു കോട്ടയ്ക്കല്‍ ശിവരാമന്‍. മിനുക്കു വേഷങ്ങളിലായിരുന്നു ശിവരാമന്‍ ഏറെയും പ്രത്യക്ഷപ്പെട്ടത്‌.

കേരളത്തിലെ ഏറ്റവും സുന്ദരിയാര്‌ എന്ന ചോദ്യത്തിന്‌ കളിയരങ്ങിലെ ശിവരാമന്‍ എന്നായിരുന്നു ആസ്വാദകരുടെ മനസ്സിലെ ഉത്തരം.

1936 ല്‍ കാറല്‍മണ്ണയിലാണ്‌ ശിവരാമന്‍ ജനിച്ചത്‌.പതിമൂന്നാമത്തെ വയസ്സില്‍ ലവണാസുരവധത്തിലെ ലവനെ അവതരിപ്പിച്ചാണ്‌ അരങ്ങിലെത്തുന്നത്‌.

അമ്മാവനും കഥകളിനടനുമായ വാഴേങ്കട കുഞ്ചു നായരായിരുന്നു ഗുരു.

ശിവരാമന്‍ അവതരിപ്പിച്ച ദമയന്തി ഏറെ പ്രശസ്‌തി നേടിയ വേഷമാണ്‌.

ഭവാനിയാണ്‌ ഭാര്യ.സുജാത,കലാമണ്ഡലം അമ്പിളി, ഗിരീഷ്‌ എന്നിവര്‍ മക്കളാണ്.

ഈ മഹാനായ കലാകാരനുമുന്നില്‍ പാഥേയം അര്‍പ്പിക്കട്ടെ ആദരാഞ്ജലികള്‍

Wednesday, July 7, 2010

പാഥേയം ജൂലായ് ലക്കം

പാഥേയം ജൂലായ് ലക്കം ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.

Friday, July 2, 2010

മഞ്ഞുരുകും രാവറയില്‍ മാമലരായ് നീ പൊഴിഞ്ഞു............



പ്രശസ്ത സംഗീത സംവിധായകന്‍ എം ജി രാധാ‍കൃഷ്ണന്റെ വിയോഗം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ?. 73 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് (02/07/2010) തിരുവനന്തപുരം കോസ്മോ പൊളീറ്റന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ച്ചയായി ആശുപത്രിയിലായിരുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് 1937 ആഗസ്റ്റ് 8 നാണ് എം ജി രാധാകൃഷ്ണന്‍ ജനിച്ചത്. പ്രശ്സ്ഥത ഹാര്‍മോണിസ്റ്റായ ഗോപാലന്‍നായരാണ് അച്ഛന്‍. അമ്മ ഹരികഥാരംഗത്തു തിളങ്ങിയ കമലാക്ഷിയമ്മ. ആലപ്പുഴ എസ്.ഡി. കോളജിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ അക്കാഡമിയില്‍ നിന്നും ഗാനഭൂഷണം ബിരുദം നേടി.

ആകാശവാണിയില്‍ സംഗീതസംവിധായകനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രൊഫഷണല്‍ ജീവിതം ആരംഭിക്കുന്നത്.അവിടെ തംബുരു ആര്‍ട്ടിസ്റ്റ് ആയിരുന്നു. എം ജി രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ലളിതസംഗീത പാഠം അദ്ദേഹത്തിന് നിരവധി ശ്രോതാക്കളെ ഉണ്ടാക്കിക്കൊടുത്തു. ടെലിവിഷനും കാസറ്റുകളും ഇല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ലളിതസംഗീതപാഠം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

1969-ല്‍ ’കളളിച്ചെല്ലമ്മയിലാണ് അദ്ദേഹം ആദ്യമായി പാടുന്നത്. ഈ ചിത്രത്തിലെ ’’കാലമെന്ന കാരണവര്‍ക്ക്..... എന്നു തുടങ്ങുന്ന ഗാനമാലപിച്ചു. കൊണ്ട് സിനിമയിലേക്ക് എം ജി രാധാകൃഷ്ണന്‍ എത്തി.

1978-ല്‍ ‘തമ്പ്’എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി. ‘മണിച്ചിത്രത്താഴി’ലെ ഗാനങ്ങളോടെയായിരുന്നു ചലച്ചിത്ര സംഗീത സംവിധായകന്‍ എന്ന നിലയില്‍ എം ജി സാധാരണക്കാര്‍ക്കു ഇടയില്‍ പ്രശസ്തനായത്‌. അതിലെ മിക്ക ഗാനങ്ങളും ഹിറ്റായിരുന്നു.

ദേവാസുരം, അദ്വൈതം, അഗ്നിദേവന്‍, സര്‍വകലാശാല, തകര, ചാമരം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ എം ജി രാധാകൃഷ്ണന്‍ മലയാള സിനിമാസംഗീതസംവിധായകരുടെ മുന്‍നിരയിലേക്കുയര്‍ന്നു. എസ്‌. ജാനകിക്ക്‌ മികച്ചഗാനത്തിനുളള സംസ്ഥാന അവാര്‍ഡു നേടിക്കൊടുത്ത ‘തകര'യിലെ ‘മൗനമേ നിറയും മൗനമേ...." എന്ന ഗാനത്തിന്‌ സംഗീതം നല്‍കിയത്‌ രാധാകൃഷ്ണനായിരുന്നു.

സഹോദരനായ എം ജി ശ്രീകുമാര്‍, ചിത്ര, വേണുഗോപാല്‍, അരുന്ധതി, ബീന തുടങ്ങിയ ചലച്ചിത്ര പിന്നണിഗായകര്‍ക്ക്‌ സിനിമയിലേക്കു പ്രവേശിക്കുവാന്‍ അവസരം നല്‍കിയത്‌ എം ജി ആയിരുന്നു. മാധുരിയുമൊത്തു പാടിയ ‘ഉത്തിഷ്ടതാ ജാഗ്രത...." എന്ന ഗാനം ഏറെ പ്രശസ്‌തമായിരുന്നു. 1995-ല്‍ ലളിതസംഗീതത്തിന്‌ കേരള സംഗീത നാടക അക്കാഡമി അവാര്‍ഡു ലഭിച്ചു.

മണിച്ചിത്രത്താഴ്‌, അദ്വൈതം, അഗ്നിദേവന്‍, കണ്ണെഴുതിപൊട്ടുംതൊട്ട്‌, കാശ്മീരം തുടങ്ങി എം ജി ഈണമിട്ട ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. 40 ഓളം ചലച്ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. അച്ഛനെയാണെനിക്കിഷ്ടം, അനന്തഭദ്രം എന്നീ ചിത്രങ്ങളിലൂടെ 2001 ലും 2005 ലും മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌ നേടി.

2000-ല്‍ ആകാശവാണിയില്‍ നിന്നും ഗ്രേഡ്‌ വണ്‍ കമ്പോസിറ്ററായി അദ്ദേഹം വിരമിച്ചു. ഗായകന്‍ എം ജി ശ്രീകുമാര്‍, സംഗീതവിദുഷി ഡോ ഓമനക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്. പത്മജയാണ് ഭാര്യ. എഞ്ചിനീയറിംഗ്‌ ബിരുദധാരി കാര്‍ത്തികയും സൗണ്ട്‌ എഞ്ചിനീയറായ രാജകൃഷ്ണന്‍ എന്നിവരാണ്‍ മക്കള്‍.

വിരഹഗാനം വിതുമ്പിനില്‍ക്കും
വീണപോലും മൌനമായ്
വിധുരയാമീ വീണപൂവിന്‍
ഇതളൊഴിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്‍..........

മലയാള സിനിമാഗാനങ്ങളില്‍ ലളിതാഖ്യാനം കൊണ്ട് പുത്തനുണര്‍വ് പകര്‍ന്ന സംഗീതരാജാവായ എം.ജിക്ക് ഈ വേളയില്‍ പാഥേയം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Saturday, June 26, 2010

അടൂര്‍ പങ്കജത്തിനു പാഥേയത്തിന്റെ ആദരഞ്ജലി



പ്രശസ്ത നടി അടൂര്‍ പങ്കജം മരിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഇന്ന് (26/06/2010) രാത്രി ഒമ്പത് മണിയോടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കുറച്ചു കാലമായി അസുഖം ബാധിച്ചു കിടപ്പിലായിരുന്നു. സിനിമാ സീരിയല്‍ നടന്‍ അടൂര്‍ അജയന്‍ ഏക മകനാണ്‍. ഭര്‍ത്താവ് ദേവരാജന്‍ പോറ്റി നാലു വര്‍ഷം മുമ്പ് മരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 ന്‍ അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്. പങ്കജത്തിന്റെ മരണത്തോടെ അടൂര്‍ സിസ്റ്റേഴസ് ഓര്‍മ്മയായി.

'മധുമാധുര്യം' എന്ന നാടകത്തിലൂടെയാണ് പങ്കജം അഭിനയരംഗത്തെത്തുന്നത്. 12 ആം വയസിലായിരുന്നു ഈ നാടകത്തില്‍ അഭിനയിച്ചത്. പിന്നീട് രക്തബന്ധം, ഗ്രാമീണ ഗായകന്‍ , വിവാഹവേദി, വിഷമേഖല തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടു.

ഭവാനിയുടെ ആദ്യചിത്രമായ 'ശരിയോ തെറ്റോ'യിലും പങ്കജമുണ്ടായിരുന്നു. 'കരകാണാക്കടലി'ല്‍ സത്യന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി ഭവാനിയും കള്ളുകച്ചവടക്കാരി 'കടുക്കാമറിയ'മായി പങ്കജവും അഭിനയിച്ചു. ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 'ചെമ്മീനി'ലെ വേഷങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത്.ആദ്യകിരണങ്ങള്‍ , ഭാഗ്യജാതകം എന്നീ ചിത്രങ്ങളിലും അടൂര്‍ സഹോദരിമാരൊരുമിച്ചു.

1935 ല്‍ അടൂരിലെ പാറപ്പുറത്ത് കുഞ്ഞിരാമന്‍പിള്ളയുടേയും കുഞ്ഞുകുഞ്ഞമ്മയുടേയും എട്ടുമക്കളില്‍ രണ്ടാമത്തെ മകളായാണ്‍ അടൂര്‍ പങ്കജം എന്ന പങ്കജാക്ഷി ജനിച്ചത്. നാടകത്തിന്റെ നടവഴികളിലൂടെ നടന്ന മൂത്തമകള്‍ ഭവാനിയുടെ പിന്നാലെ പങ്കജവും നാടകലോകത്തെത്തി. ദാരിദ്രം മൂലം പങ്കജം നാലാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പാടാന്‍ കഴിവുള്ള പങ്കജത്തെ കുഞ്ഞിരാമന്‍പിള്ള, പന്തളം കൃഷ്ണപിള്ള ഭാഗവതരുടെ ശിഷ്യയാക്കി. പന്തളത്ത് താമസിച്ചായിരുന്നു പഠനം.

അങ്ങനെയിരിക്കെ കണ്ണൂര്‍ കേരള ലളിതകലാ നിലയത്തിന്റെ നടത്തിപ്പുകാരും പ്രശസ്ത നാടകക്കാരനുമായ കെ.പി.കെ പണിക്കരും സ്വാമി ബ്രഹ്മവ്രതനും പങ്കജത്തെ തേടിയെത്തി. അങ്ങനെ സ്വാമി ബ്രഹ്മവ്രതന്റെ 'മധുമാധുര്യം' എന്ന നാടകത്തില്‍ നായികയായി അഭിനയിച്ചു.

'രക്തബന്ധ'മായിരുന്നു അടുത്ത നാടകം. ഹാസ്യവേഷമായിരുന്നു അതില്‍. തുടര്‍ന്ന് ഹാസ്യനടിയെന്ന പേരില്‍ പങ്കജം പേരെടുത്തു. അതിനിടെയാണ് സിനിമയില്‍ നിന്നും വിളി വരുന്നത്. 'പ്രേമലേഖ'യാണ് ആദ്യം അഭിനയിച്ച ചിത്രം. അത് റിലീസായില്ലെങ്കിലും കുഞ്ചാക്കോയുടെ 'വിശപ്പിന്റെ വിളി'യാണ് ആദ്യം പുറത്തു വന്നത്.

ചെമ്മീന്‍, കടലമ്മ, അച്ഛന്‍ , അവന്‍ വരുന്നു, കിടപ്പാടം, പൊന്‍കതിര്‍ , പാടാത്ത പൈങ്കിളി, മന്ത്രവാദി, ഭക്തകുചേല, മറിയക്കുട്ടി, സി.ഐ.ഡി, സ്വാമി അയ്യപ്പന്‍ ‍, കരകാണാക്കടല്‍ തുടങ്ങി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. കുഞ്ഞിക്കൂനനാണ് അവസാന ചിത്രം.

മലയാള സിനിമയുടെ കുശുമ്പി അമ്മായിയമ്മക്ക് പാഥേയത്തിന്റെ ആദരഞ്ജലി.

Wednesday, June 16, 2010

പിജിക്ക് പാഥേയത്തിന്റെ ബാഷ്പാഞ്ജലി



പ്രശസ്ഥ ചലചിത്ര സംവിധായകന്‍ പി.ജി.വിശ്വംഭരന്‍ അന്തരിച്ച വാര്‍ത്ത നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുമല്ലോ?.കൊച്ചി പി.വി.എസ്‌. ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ഇദ്ദേഹത്തിന്റെ വേര്‍പാട്.മരിക്കുമ്പോള്‍ അദ്ദ്ദേഹത്തിന് അറുപത്തിനാല് വയസ്സായിരുന്നു. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ഒരാഴ്ചയായി ചികില്‍സയിലായിരുന്ന അദ്ദേഹം ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളടക്കം 63 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് ഇദ്ദേഹം.

തിരുവനന്തപുരം പുല്ലുവിള കരിച്ചല്‍ വടക്കേക്കര പ്ലാവിലവീട്ടില്‍ പരേതരായ ഗംഗാധരന്‍റ്റേയും പൊന്നിയമ്മയുടേയും മകനാണ് പി.ജി. വിശ്വംഭരന്‍.

മമ്മുട്ടിയുടെ ആദ്യത്തെ ചിത്രമായ സ്ഫോടനം ഇദ്ദേഹമാണ് സംവിധാനം ചെയ്തത്.ഒഴുക്കിനെതിരെയാണ് ആദ്യ ചിത്രം. 2002 ല്‍ 'പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ച്' യാണ് വിശ്വംഭരന്‍ ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. തുടര്‍ന്ന് എട്ട് വര്‍ഷത്തോളം ഈ ജനപ്രിയ സംവിധായകന്‍ കാണാമറയത്തായിരുന്നു. വര്‍ഷം രണ്ടും മൂന്നും സിനിമകള്‍ സംവിധാനം ചെയ്തു കൊണ്ടിരുന്ന ഒരു തിരക്കേറിയ സംവിധായകനെ സംബന്ധിച്ചിടത്തോളം ഈ ദീര്‍ഘമായ ഇടവേള കഠിനമായിരുന്നു. ഇതിനിടെ 'ആനമയില്‍ ഒട്ടകം' എന്ന സിനിമ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല.


1975ലാണ് വിശ്വംഭരന്‍ സംവിധാന രംഗത്തെത്തുന്നത്. അറുപത്തഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തു. സന്ധ്യക്കു വിരിഞ്ഞ പൂവ്, കാട്ടുകുതിര, ഗജകേസരിയോഗം തുടങ്ങി വിശ്വംഭരന്റെ ഫാമിലി ഹിറ്റുകള്‍ 80-കളിലെ മലയാള സിനിമയില്‍ തരംഗമായിരുന്നു. സത്യവാന്‍ സാവിത്രി എന്ന കളര്‍ സിനിമയുടെ സംവിധായകനെന്ന നിലയിലാണു വിശ്വംഭരന്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രേംനസീര്‍ മുതല്‍ മമ്മുട്ടി വരെയുള്ള സൂപ്പര്‍ താരങ്ങളെ വച്ചു ചിത്രം എടുത്തിട്ടുള്ള വിശ്വംഭരന്‍ മമ്മുട്ടിയെ നായകനാക്കിയാണു കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.

1987 ല്‍ വിശ്വംഭരന്‍ സംവിധാനം ചെയ്ത 'പൊന്ന്' എന്ന സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നതിന്റെ ചര്‍ച്ച നടക്കുന്നതിനിടെയാണ് അദ്ദേഹം ആസ്​പത്രിയിലാവുന്നത്. കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ സിനിമയെടുക്കാന്‍ ഒരു നിര്‍മ്മാതാവ് താത്പര്യം പ്രകടിപ്പിച്ചിരിക്കുകയായിരുന്നു.ഈ സംവിധായകന് മുന്നില്‍ കാലം തിരശ്ശീലയിടുമ്പോള്‍ ഈ സ്വപ്നം ബാക്കിയായി നില്‍ക്കുന്നു.

പൊന്ന്, ഗജകേസരിയോഗം, പ്രത്യേകം ശ്രദ്ധിക്കുക, ആഗേ്‌നയം, ഫസ്റ്റ് ബെല്‍, എഴുപുന്ന തരകന്‍ എന്നിവ ഉള്‍പ്പെടെ പി.ജി. വിശ്വംഭരന്റെ പതിനാലോളം ചിത്രങ്ങളുടെ തിരക്കഥയെഴുതിയത് കലൂര്‍ ഡെന്നീസാണ്. ഹിന്ദി താരങ്ങളെ വെച്ച് സിനിമയെടുക്കാനും വിശ്വംഭരന്‍ താത്പര്യം കാണിച്ചിരുന്നു. . 1985 ലാണ് 'ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍' എന്ന സിനിമയില്‍ അംജദ്ഖാനെ അഭിനയിപ്പിക്കുന്നത്. 'എഴുപുന്ന തരകനി'ല്‍ നമ്രദ ശിരോദ്കറെ നായികയാക്കി.

ഒഴുക്കിനെതിരെ, നീയെന്റെ ലഹരി, സത്യവാന്‍ സാവിത്രി, സീമന്തിനി, പോക്കറ്റടിക്കാരി, പടക്കുതിര, മധുരിക്കുന്ന രാത്രി, അവര്‍ ജീവിക്കുന്നു, ഇവിടെ കാറ്റിന് സുഗന്ധം, ഇതാ ഒരു തീരം, കടല്‍കാറ്റ്, ചാകര, ഗ്രീഷ്മജ്വാല, എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം, സ്‌ഫോടനം, ഇതു ഞങ്ങളുടെ കഥ, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, സാഗരം ശാന്തം, രുഗ്മ, പിന്‍നിലാവ്, ഒന്നു ചിരിക്കൂ, ഹിമവാഹിനി, വീണ്ടും ചലിക്കുന്ന ചക്രം, തിരക്കില്‍ അല്പം സമയം, സന്ധ്യക്കെന്തിന് സിന്ദൂരം, ഒരു കൊച്ചു കഥ ആരും പറയാത്ത കഥ, ഒന്നാണ് നമ്മള്‍, ഇവിടെ ഈ തീരത്ത്, ഈ തണലില്‍ ഇത്തിരിനേരം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, ഇതിലെ ഇനിയും വരൂ, പ്രത്യേകം ശ്രദ്ധിക്കുക, നന്ദി വീണ്ടും വരിക, അവള്‍ കാത്തിരുന്നു അവനും, പൊന്ന്, ഇതാ സമയമായി, സൈമണ്‍ പീറ്റര്‍ നിനക്ക് വേണ്ടി, ഒരു വിവാദവിഷയം, കാര്‍ണിവല്‍, കാട്ടുകുതിര, ഗജകേസരിയോഗം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ഇന്നത്തെ പ്രോഗ്രാം, ഫസ്റ്റ് ബെല്‍, വക്കീല്‍ വാസുദേവ്, പ്രവാചകന്‍, ആഗേ്‌നയം, ദാദ, പാര്‍വതീപരിണയം, സുവര്‍ണ സിംഹാസനം, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രെം യുഎസ്എ, എഴുപുന്ന തരകന്‍, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച തുടങ്ങിയവയാണ് വിശ്വംഭരന്റെ സിനിമകള്‍.


ഏറെക്കാലമായി കലൂരിലാണു താമസം. ഭാര്യ: മീന. മക്കള്‍ വിമി, വിനോദ് (മെഡിക്കല്‍ വിദ്യാര്‍ഥി, മംഗലാപുരം), മരുമകന്‍ : രാജേഷ് (ബിസിനസ്, കൊടുങ്ങല്ലൂര്‍ ).

മലയാളസിനിമയുടെ പിജിക്ക് പാഥേയത്തിന്റെ ബാഷ്പാഞ്ജലി

Monday, June 7, 2010

പാഥേയം ജൂണ്‍ ലക്കം ഞങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

പാഥേയം ജൂണ്‍ ലക്കം രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുമായി ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.

ഈ ലക്കം ഇറങ്ങിയീട്ട് ദിവസങ്ങള്‍ പലതു കഴിഞ്ഞു ഇങ്ങിനെ ഒരു കുറിപ്പിടാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.ഇനി എല്ലാ മാസം അഞ്ചാം തിയതിക്കുമുന്‍പായി ഓരോ ലക്കവും നിങ്ങളെ തേടിയെത്തും.സഹകരിക്കുക.

Monday, May 17, 2010

പാഥേയം മെയ് ലക്കം നിങ്ങളുടെ വായനയ്ക്കായി സമര്‍പ്പിക്കുന്നു

പാഥേയം മെയ് ലക്കം പുതിയ രൂപത്തിലും ഭാവത്തിലും, മാറ്റങ്ങളോടെയും ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.

ഈ ലക്കം ഇറങ്ങിയീട്ട് ദിവസങ്ങള്‍ പലതു കഴിഞ്ഞു ഇങ്ങിനെ ഒരു കുറിപ്പിടാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.ഇനി എല്ലാ മാസം പത്താം തിയതിക്കുമുന്‍പായി ഓരോ ലക്കവും നിങ്ങളെ തേടിയെത്തും.സഹകരിക്കുക.

Wednesday, May 5, 2010

പാഥേയം ഏപ്രില്‍ ലക്കം വായിക്കാം

പാഥേയം ഏപ്രില്‍ ലക്കം ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.

ഈ ലക്കം ഇറങ്ങിയീട്ട് ദിവസങ്ങള്‍ പലതു കഴിഞ്ഞു ഇങ്ങിനെ ഒരു കുറിപ്പിടാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.ഈ മാസം പത്താം തിയതിക്കുമുന്‍പായി മെയ് ലക്കവും നിങ്ങളെ തേടിയെത്തും.സഹകരിക്കുക.

Monday, March 29, 2010

ബാലപംക്തി മത്സരം




പാഥേയം ഓണ്‍ലൈന്‍ മാഗസിന്‍ വിഷു പ്രമാണിച്ച് ‘ബാലപംക്തി മത്സരം‘ സംഘടിപ്പിക്കുന്നു. കുട്ടികളുടെ പംക്തിയിലേക്കാണ് മത്സരമെങ്കിലും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം.മുതിര്‍ന്നവരുടെ രചനകള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടേണ്ട തരത്തിലുള്ളതായിരിക്കണം .

പാഥേയം ചീഫ് എഡിറ്റര്‍ മുഹമ്മദ് സഗീര്‍ നേതൃത്വം കൊടുക്കുന്ന പാനലില്‍ ശ്രീമതി അമ്പിളി മനോജ്, ശ്രീ ഹരി വില്ലൂര്‍, ശ്രീ കാവനാട് രവി, സുരേഷ് വാസുദേവന്‍ജി തുടങ്ങിയ പ്രഗ്തഭര്‍ ആണ് വിധി കര്‍ത്താക്കള്‍.

മലയാളത്തിലെ പ്രശസ്ഥമായ ഒരു ദിനപ്രത്രവും ഒരു മള്‍ട്ടിമീഡിയ എന്റെര്‍ ടൈമെന്റ് കമ്പനിയുമാണ് പാഥേയം മാഗസിന്റെ ഈ സംരംഭത്തിനായി സമ്മാനം സ്പോണ്‍സര്‍ ചെയ്യ്തിരിക്കുന്നത്.

നിയമങ്ങള്‍ താഴെ :-
1. ബാലപംക്തികളാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2. കുട്ടികള്‍ക്കു വേണ്ടിയുള്ള കഥകളോ, കവിതകളോ അയക്കാവുന്നതാണ്‌.
3. ചിത്ര രചന, പെയ്റ്റിന്‍റിംങ് അങ്ങനെ എന്തും ഇതില്‍ ഉള്‍പ്പെടുന്നതാണ്‌.
4. ഒരാള്‍ക്ക് എത്ര രചനകള്‍ വേണമെങ്കിലും അയക്കാവുന്നതാണ്‌.
5. ആര്‍ട്ടിക്കിളുകള്‍ ടൈപ്പ് ചെയ്യാന്‍ സാധ്യമല്ലാത്തവര്‍ അതിന്‍റെ സ്കാന്‍ കോപ്പി അയക്കാവുന്നതാണ്‌.
6. അയക്കുന്ന കുട്ടികള്‍ അവര്‍ പഠിക്കുന്ന സ്കൂളിന്‍റെ പേരും,പഠിക്കുന്ന ക്ലാസ്സും, സ്ഥലവും അഡ്രസ്സും വയക്കേണ്ടതാണ്‌.
7. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വെവ്വേറെ മത്സരങ്ങളാകും നടക്കുക.
8. രചനകള്‍ അയക്കേണ്ട വിലാസം editor@paadheyam.com
9. കൊച്ചു കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.
10. കുട്ടികളുടെ പ്രായ പരിധി 15 വയസ്സില്‍ കൂടരുത്.
11.അയക്കുന്ന രചനകള്‍ ഏപ്രില്‍ 10 ന്‌ മുന്‍പ് കിട്ടിയിരിക്കണം.
12. മത്സരത്തിന്റെ തീരുമാനങ്ങള്‍ ജഡജ്മെന്റ് കമ്മറ്റി നിങ്ങളെ അറിയിക്കുന്നതായിരിക്കും.

Tuesday, February 23, 2010

സകലകലാവല്ലഭനായ ഹാസ്യസാമ്രാട്ട്




1951 ഏപ്രില്‍ 22 ന് കൊച്ചിയിലാണ് സലീം അഹമ്മദ് ഘൗഷ് എന്ന വി.എം.ഹനീഫയുടെ ജനനം.നാടകത്തിലും മിമിക്രിയിലും തിളങ്ങിയ ഹനീഫ പിന്നീട് സിനിമയിലെത്തി. തുടര്‍ന്ന് വില്ലന്‍ വേഷങ്ങളിലൂടെ ഹാസ്യരംഗത്തും ക്യാരക്ടര്‍ നടനായും തിളങ്ങിയ ഇദ്ദേഹം കഴിഞ്ഞ മാസം രണ്ടാം തിയതിയില്‍ ഈ ലോകത്തോട് വിടപറഞ്ഞു.

സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ വെള്ളായണി അഗ്രികള്‍ച്ചറല്‍ കോളേജില്‍ ചേരാനായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ്‌കോയയെ കാണാന്‍ പോയി. സി.എച്ചിനെ കണ്ട് കത്ത് കൊടുത്തു. കത്തു നിവര്‍ത്തി വായിച്ചശേഷം അതുപോലെ മടക്കി കവറിലിട്ട് തിരിച്ചുതന്നു. 'അര്‍ഹതയുണ്ടെങ്കില്‍ തനിക്ക് അഡ്മിഷന്‍ കിട്ടും' എന്ന ഉപദേശവും. സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു ഹനീഫക്ക് ഗേറ്റിന് പുറത്തുകടന്ന ഉടനെ കത്ത് വലിച്ചുകീറി ഓടയിലെറിഞ്ഞ ശേഷം ചുറ്റും നോക്കിയപ്പോള്‍ കുറച്ചകലെ ചുവരില്‍ ശിവാജി ഗണേശന്‍ അഭിനയിച്ച 'തിരുവിളയാടല്‍' സിനിമയുടെ പോസ്റ്റര്‍ കണ്ടു പിന്നെ ഒന്നും നോക്കിയില്ല ഹനീഫ നേരെ തിയേറ്ററിലേക്ക് നടന്നു......

പിന്നീട് ഈ മോഹം കൊച്ചിയില്‍ നിന്നും തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ തിക്കിത്തിരക്കി മദിരാശിയിലേക്ക് വരെ എത്തിക്കാന്‍ കാരണമാക്കി.പിന്നെ ഏറെനാള്‍ അലഞ്ഞുതിരിഞ്ഞു നടന്ന ശേഷം ആദ്യത്തെ പ്രതിഫലമായി കിട്ടിയ നൂറു രൂപയില്‍ തുടങ്ങിയ സിനിമാജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001 ല്‍ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. ആറ് തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹനീഫ അഞ്ചോളം ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതി. 1979 ല്‍ അഷ്ടവക്രന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. മഹാനദി അടക്കം എണ്‍പതോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഫാസിലയാണ് ഭാര്യ. മക്കള്‍-സര്‍ഫ, മര്‍വ. 1999 ലും 2001 ലും സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി.

ലോഹി തിരക്കഥയെഴുതിയ ‘കിരീടം’ എന്ന ചിത്രത്തിലെ ഹൈദ്രോസ് എന്ന വേഷത്തിലൂടെയാണ് ഹാസ്യകഥാപാത്രങ്ങളുടെ ലോകത്തേക്ക് ഹനീഫ കടക്കുന്നത്. ധൈര്യവാനായി അഭിനയിക്കുന്ന ഒരു നാടന്‍ ചട്ടമ്പിയായിരുന്നു ഹൈദ്രോസ്. ഗംഭീരമായാണ് ഹനീഫ ആ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നത്. ഇപ്പോഴും കൊച്ചിന്‍ ഹനീഫ എന്ന നടനെ മിമിക്രിക്കാര്‍ അനുകരിക്കുന്നത് ഹൈദ്രോസ് എന്ന കഥാപാത്രത്തിലൂടെയാണ്.ഇതിനു ശേഷം ലോഹിതദാസ് രചിച്ചതും സംവിധാനം ചെയ്തതുമായ ചിത്രങ്ങളില്‍ കാമ്പുള്ള കഥാപാത്രങ്ങളെയാണ് കൊച്ചിന്‍ ഹനീഫയ്ക്കായി മാറ്റിവച്ചത്.

ചക്കരമുത്തിലെ തുന്നല്‍ക്കാരന്‍, അരയന്നങ്ങളുടെ വീട്ടിലെ ഭീമന്‍‌ശരീരമുള്ള മണ്ടനായ അഭിഭാഷകന്‍, സൂത്രധാരനിലെ റിക്ഷാക്കാരന്‍, കസ്തൂരിമാനിലെ കുഴഞ്ഞാട്ടക്കാരനായ വീട്ടുടമസ്ഥന്‍ തുടങ്ങിയവ ഹനീഫയ്ക്ക് ലോഹിതദാസ് സമ്മാനിച്ച മികച്ച കഥാപാത്രങ്ങളാണ്.

ലോഹിതദാസിന്‍റെ തിരക്കഥയിലാണ് ‘വാത്സല്യം’ എന്ന ചിത്രം കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്തത്. ഹനീഫ സംവിധാനം ചെയ്ത ഏറ്റവും നല്ല ചിത്രമായിരുന്നു പിന്നീട് ‘ഭീഷ്മാചാര്യ’ എന്ന ഒരൊറ്റച്ചിത്രം മാത്രമാണ് ഹനീഫയുടെ സംവിധാനത്തില്‍ പുറത്തുവന്നത്.

വാത്സല്യത്തിന് പുറമെ ഭീഷ്മാചാര്യ, വീണ മീട്ടിയ വിലങ്ങുകള്‍, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മയ്ക്ക്, മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്, ഒരു സന്ദേശം കൂടി എന്നീ ചിത്രങ്ങളാണ് ഹനീഫ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഭീഷ്മാചാര്യ, കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി.

എം.ടി.യുടെ കഥകള്‍ വായിച്ച സാഹിത്യപരിചയമുള്ള ഹനീഫ എഴുത്തുകാരനായി. ശ്രീസായ് പ്രൊഡക്ഷന് മലയാളത്തിലുള്ള ഒരു തിരക്കഥ വേണം. പറ്റിയ ആരെങ്കിലുമുണ്ടോ എന്ന് ഹനീഫയോട് ചോദിച്ചു. പരിചയമുള്ള എഴുത്തുകാരനെ അദ്ദേഹം പറഞ്ഞുകൊടുത്തു. അടുത്ത ദിവസം കുറച്ചു സീന്‍ എഴുതിക്കൊണ്ടുവരാന്‍ പറഞ്ഞു. പുള്ളി അതുമായി വന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇഷ്ടമായില്ല. ഹനീഫ അയാളോട് സംസാരിച്ച് സീന്‍ ശരിയാക്കിക്കൊള്ളാമെന്ന് ഏറ്റു. പക്ഷേ, അന്നു രാത്രി പുള്ളി സ്ഥലംവിട്ടു. ഷൂട്ടിങ് തുടങ്ങാന്‍ കുറച്ചുദിവസമേയുള്ളൂ. നിര്‍മാതാവിന്റെ ആള്‍ക്കാര്‍ വന്ന് ഹനീഫയോട് സ്‌ക്രിപ്റ്റ് തിരക്കി. രാവിലെ എത്തിക്കാമെന്ന് ഉറപ്പുകൊടുത്ത അദ്ദേഹം കഥ വായിച്ച് തിരക്കഥ എഴുതാന്‍ തുടങ്ങി. പുലര്‍ച്ചെ 5 മണിക്ക് 10 സീന്‍ പൂര്‍ത്തിയാക്കി. 'അവള്‍ ഒരു ദേവാലയം' എന്ന സിനിമ ഉണ്ടായത് അങ്ങനെയാണ്. തിരക്കഥ എഴുതിയ ആദ്യസിനിമ ഹിറ്റായതോടെ മദിരാശി വിട്ട് മറ്റെങ്ങോട്ടുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു.

മൂന്നു മാസങ്ങള്‍ക്ക് മുമ്പ്, വീണമീട്ടിയ വിലങ്ങുകള്‍, വാല്‍സല്യം, ഭീഷ്‌മാചാര്യ, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപ്പൊട്ടിന്‍റെ ഓര്‍മ്മയ്ക്ക്, ഒരു സന്ദേശം കൂടി എന്നീ മലയാള ചിത്രങ്ങള്‍ ഹനീഫ സംവിധാനം ചെയ്തിട്ടുണ്ട്.

ഹനീഫയെ സംവിധായകനാക്കിയതിന്റെ ക്രെഡിറ്റ് മമ്മൂട്ടിക്കാണ്. ശ്രീസായ് പ്രൊഡക്ഷന് ഒരു മലയാളം പടം എടുക്കണം. അതിന് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടണം. ഡേറ്റ് തരപ്പെടുത്താന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. 'ഹനീഫ പടം ചെയ്താല്‍ ഞാന്‍ ഡേറ്റ് തരാ'മെന്ന് മമ്മൂട്ടി. സഹസംവിധായകനായി പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഹനീഫ എങ്ങനെ സംവിധായകനാവും? നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങേണ്ടി വന്നു. 'ഒരു സന്ദേശം കൂടി' എന്ന സിനിമയുടെ സംവിധായകനായി. അതിനു ശേഷം ഹനീഫയുടെ നാല് മലയാള സിനിമകളില്‍കൂടി മമ്മൂട്ടി നായകനായി.

തമിഴിലെ വമ്പന്‍ സംവിധായകന്‍ ഷങ്കറിന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍‌മാരില്‍ ഒരാളായിരുന്നു അദ്ദേഹം.അതുപോലെ രജിനീകാന്ത്,കമലഹസന്‍,തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുമായി അടുത്ത സൌഹൃദബന്ധം പുലര്‍ത്തിയിരുന്നു.

ഹനീഫയുടെ ആദ്യ തമിഴ്‌ ചിത്രത്തിന്റെ നിര്‍മ്മാതാവും രചയിതാവും കലൈഞ്ജര്‍ കരുണാനിധിയായിരുന്നു. ഹനീഫയുടെ പേരൊന്ന്‌ മാറ്റണമെന്ന്‌ അദ്ദേഹം പറഞ്ഞു. അവിടെ ഇനിഷ്യലിന്‌ വളരെയധികം പ്രാധാന്യമുണ്ട്‌. എന്റെ ശരിക്കുള്ള പേര്‌ വി.എം.ഹനീഫയെന്നാണ്‌. അതോടൊപ്പം കൊച്ചിന്‍ എന്നതിലെ സി കൂടി ചേര്‍ത്ത്‌ വിഎംസി ഹനീഫ എന്നാക്കി മാറ്റി. തമിഴ് സിനിമയില്‍ വിഎംസി ഹനീഫ എന്നു പറഞ്ഞാലെ ഇദ്ദേഹത്തെ അറിയുമായിരുന്നുള്ളൂ.

പാശ പറവൈകള്‍, പാടാത തേനികള്‍, പാശമഴൈ, പഗലില്‍ പൌര്‍ണമി, പിള്ളൈ പാശം, വാസലിലേ ഒരു വെണ്ണിലാ തുടങ്ങിയ തമിഴ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

മഹാനദി, മുതല്‍‌വന്‍, മുഖവരി, യൂത്ത്, പാര്‍ത്ഥിപന്‍ കനവ്, അന്നിയന്‍, കസ്തൂരിമാന്‍, പട്ടിയല്‍, സംതിങ് സംതിങ് ഉനക്കും എനക്കും, ദീപാവലി, ശിവാജി: ദി ബോസ്, ജയം കൊണ്ടാന്‍, ഏകന്‍ തുടങ്ങിയവയാണ് കൊച്ചിന്‍ ഹനീഫയുടെ പ്രധാന തമിഴ് ചിത്രങ്ങള്‍.

ലാല്‍ അമേരിക്കയില്‍, കടത്തനാടന്‍ അമ്പാടി, ഇണക്കിളി, പുതിയ കരുക്കള്‍, ഭീഷ്മാചാര്യ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. മാമാങ്കം, ആവേശം, മൂര്‍ഖന്‍, ആ രാത്രി, താളം തെറ്റിയ താരാട്ട്, ഭൂകമ്പം, ആട്ടക്കലാശം, എന്‍റെ ഉപാസന, താളവട്ടം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കിരീടം, ദേവാസുരം, കിന്നരിപ്പുഴയോരം, ഭീഷ്മാചാര്യ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കാലാപാനി, ലേലം, പത്രം, അനിയത്തിപ്രാവ്, ഈ പറക്കും തളിക, പഞ്ചാബി ഹൌസ്, ഹരികൃഷ്ണന്‍സ്, മേഘം, ഫ്രണ്ട്സ്, അരയന്നങ്ങളുടെ വീട്, ചക്കരമുത്ത്, പ്രജ, രാക്ഷസരാജാവ്, സത്യം ശിവം സുന്ദരം, സ്നേഹിതന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, സുന്ദരപുരുഷന്‍, ഫാന്‍റം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സി ഐ മഹാദേവന്‍ അഞ്ച് അടി നാലിഞ്ച്, കേരളാഹൌസ് ഉടന്‍ വില്‍പ്പനയ്ക്ക്, ഉദയനാണ് താരം, വെട്ടം, റണ്‍‌വേ, പട്ടണത്തില്‍ സുന്ദരന്‍, പാണ്ടിപ്പട, രാജമാണിക്യം, അനന്തഭദ്രം, കീര്‍ത്തിചക്ര, ചെങ്കോല്‍, ഛോട്ടാമുംബൈ, ട്വന്‍റി 20 തുടങ്ങിയവയാ‍ണ് കൊച്ചിന്‍ ഹനീഫ അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍.

മൂന്നുപതിറ്റാണ്ടു മലയാളസിനിമയില്‍ നിറഞ്ഞാടിയ ഈ സകലകലാവല്ലഭനായ ഹാസ്യസാമ്രാട്ടിനുമുന്നില്‍ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകരുടെ ആദരാഞ്ജലികള്‍

Wednesday, February 17, 2010

ഗിരീഷ് പുത്തഞ്ചേരി ഇനി ഒരോര്‍മ്മ.




ചിത്രം:
ജയരാജ്
രചന:
ഹരി വില്ലൂര്‍

ഗിരീഷ് പുത്തഞ്ചേരി (1961 - 2010)
പിതാവ് : പുളിക്കൂല്‍ കൃഷ്ണപ്പണിക്കര്‍.
മാതാവ് : മീനാക്ഷിയമ്മ.
ഭാര്യ :ബീന.
മക്കള്‍ : ജിതിന്‍ കൃഷ്ണന്‍, ദിനനാഥ്.


ഏതു ബാങ്ക് പൊട്ടിയാലും എന്‍റെ "പദസമ്പത്ത് നിറഞ്ഞ ബാങ്ക്" പൊട്ടില്ല എന്ന് ഉറച്ച ശബ്ദത്തില്‍ പറയാന്‍ കഴിഞ്ഞ ഗിരീഷിനു പുത്തഞ്ചേരി ഇടയ്ക്കൊരു നിമിഷം നമ്മില്‍ നിന്നകന്നു പോയി. "ഒരു രാത്രി കൂടി വിടവാങ്ങവെ ഒരു പാട്ടു മൂളി വെയില്‍ വീഴവെ പതിയെ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ" എന്ന് നമ്മോടു പറഞ്ഞ ആ പ്രീയകവി നമ്മില്‍ നിന്നും പറന്നകന്നിരിക്കുന്നു, നിശബ്ദമായ കാലടികളോടെ.

പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 ല്‍ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ച ഗിരീഷിന്‍റെ പഠനം പുത്തഞ്ചേരി സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍, മൊടക്കല്ലൂര്‍ എ.യു.പി.സ്കൂള്‍, പാലോറ സെക്കന്‍‍ഡറി സ്കൂള്‍, ഗവ:ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായിരിന്നു.

ശ്ലോകങ്ങളില്‍ വലിയ കമ്പമുണ്ടായിരുന്ന ഗിരീഷിനെ പറ്റി അക്കാലത്തെ തലമുതിര്‍ന്ന കാരണവന്‍മാരായ കവികള്‍ പറയുമായിരിന്നു "ഇവന്‍ ഭാവിയിലൊരു ഭക്തകവിയാകു"മെന്ന്. മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് ആ മഹാനായ കവി കടന്നു വന്നിട്ട് രണ്ട് പതിറ്റാണ്ടിലേറെയായിരിക്കുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് 1500 ലധികം ഗാനങ്ങള്‍. അതില്‍ മിക്കതും സാധാരണക്കാരുടെ ചുണ്ടുകളീല്‍ എപ്പോഴും തത്തിക്കളിക്കുന്നവയും. ആ സംഗീത സപര്യയില്‍ എപ്പോഴും പ്രണയമെന്ന വികാരം മുന്നിട്ടു നിന്നിരിന്നു എന്നാണ്‌ പല ഗാനങ്ങളും നമ്മോടു പറയുന്നത്.

'ഐസ്‌ക്രീമിന്റെ മുകളില്‍ ചെറിപ്പഴം വച്ചപോലെ മൂര്‍ദ്ധാവില്‍ ഒരുനുള്ള് അഹങ്കാരവും കൊണ്ടുനടക്കുന്നയാളാണ് ഗിരീഷെന്ന് കൂട്ടുകാര്‍ സ്നേഹത്തോടെ പറയുമായിരിന്നു. അങ്ങനെ ഒരു അഹങ്കാരം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അത് തന്‍റെ കഴിവിലുള്ള വിശ്വാസം മാത്രമായിരിന്നു.

''കാലം തെറ്റി സിനിമയില്‍ വന്നവനാണ് ഞാന്‍. എത്താന്‍ വളരെ വൈകിപ്പോയി. മലയാളത്തിന്റെയൊന്നും ആവശ്യമില്ല എന്ന് പറയുന്നവരാണ് ഇന്നത്തെ പല സംവിധായകരും. ഇറ്റാലിയന്‍ കാസറ്റും കൊണ്ടാണ് അവര്‍ പാട്ടെഴുതിക്കാന്‍ വരിക. അവര്‍ക്ക് വേണ്ടി കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനത്തൈലം എന്നെഴുതാന്‍ പറ്റില്ലല്ലോ..'' കാനേഷ് പൂനൂരിനു രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള ഗാനങ്ങളെ പറ്റി ഗിരീഷ് പറഞ്ഞ വാക്കുകള്‍. ഗാനത്തിനനുസരിച്ച് സംഗീതമുണ്ടാക്കുന്ന അവസ്ഥയില്‍ നിന്നും സംഗീതത്തിനനുസരിച്ച് ഗാനമുണ്ടാക്കുന്ന അവസ്ഥയിലേക്ക് മലയാള ചലച്ചിത്രശാഖ ചുവടു വച്ചപ്പോള്‍ അതില്‍ പതറാതെ അജയ്യനായി നില്‍ക്കാന്‍ കഴിഞ്ഞത് അദ്ദേഹം ആദ്യം പറഞ്ഞതു പോലെ ഏതു ബാങ്ക് പൊട്ടിയാലും എന്‍റെ "പദസമ്പത്ത് നിറഞ്ഞ ബാങ്ക്" പൊട്ടില്ല എന്നുള്ളതു കൊണ്ടു തന്നെയാണ്‌.

സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവായി തിരഞ്ഞെടുത്തു. ലാളിത്യത്തോടെ അതേറ്റു വാങ്ങുമ്പോഴും മായാത്ത ഒരു പുഞ്ചിരി അദ്ദേഹത്തിന്‍റെ ചുണ്ടില്‍ കാണാമായിരിന്നു.

തന്‍റെ തിരക്കഥകളെ പറ്റി ഗിരീഷ് പറയുന്നത് "അരിക്കും ഓട്ടോറിക്ഷയും മരുന്നിനും വിലകൂടുമ്പോള്‍ പാട്ടു കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ്‌ ഇടയ്ക്ക് ചില കഥകളും തിരക്കഥകളും പിറന്നത്" എന്നാണ്‌.

സംസ്കൃത പണ്ഡിതനായ അച്ഛന്‌ ജ്യോതിഷവും ആയുര്‍‌വ്വേദവുമൊക്കെയായിരിന്നു ഇഷ്ടമെങ്കില്‍ അമ്മ കര്‍ണ്ണാടക സംഗീതത്തിലായിരിന്നു നിപുണ. അതേക്കുറിച്ച് ഗിരീഷ് പറയുന്നത് "ജ്യോതിഷത്തിന്‍റേയും ആയുര്‍‌വ്വേദത്തിന്‍റേയും സംഗീതത്തിന്‍റേയും മുലപ്പാല്‍ കുടിച്ചാണ്‌ താന്‍ വളര്‍ന്നത് എന്നായിരിന്നു.

തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ മുഴുവന്‍ കഥയും വെറും പന്ത്രണ്ട് വരികളില്‍ കൂടി, നേഴ്സറി റൈംസിന്‍റത്ര ലാളിത്യത്തോടെ "കള്ളി പൂങ്കുയിലേ" എന്നു തുടങ്ങുന്ന ഗാനത്തിലൂടെ അദ്ദേഹത്തിന്‌ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്‍റെ കഴിവിന്‍റെ നല്ലൊരുദാഹരണമാണെന്ന് സിനിമാ പ്രേമികള്‍ പറയുന്നു.

യാത്ര ഒരുപാടിഷ്ടമുണ്ടായിരുന്ന ഗിരീഷ് ഹിമാലയത്തിലൂടെ അധോരി ഗോത്രത്തില്‍ പെട്ട മാംസഭോജികളായ ത്രിശൂലമേന്തിയ സന്ന്യാസിമാര്‍ക്കൊപ്പം ഭാംഗിന്റെ ലഹരി നുകര്‍ന്ന് സാക്ഷാല്‍ പരമശിവന്റെ ഡമരുവിന്റെ മുഴക്കം കേട്ട അനുഭവം വിവരിച്ചിട്ടുണ്ട്. അതുപോലെ ദ്വാരക കാണാന്‍ ഒരു കൊച്ചുബാലന്റെയൊപ്പം കടലിലൂടെ അലഞ്ഞ കഥയും ഗിരീഷ് ഒരഭിമുഖത്തില്‍ ഓര്‍ത്തെടുത്തിരുന്നു.

"ജീവിതപാതകളില്‍ ഇനി എന്നിനി കാണും നാം, മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ, പുണ്യം പുലര്‍ന്നീടുമൊ..." എന്ന് ഇപ്പോള്‍ നമ്മളില്‍ പലരും അറിയാതെയെങ്കിലും നമ്മോടു തന്നെ ചോദിക്കുന്നുണ്ടാകാം. കാരണം "പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വന"വുമായി ഇനി നമ്മിലേക്ക് കടന്നു വരാന്‍ ആ മഹാനായ കലാകാരന്‍ ഇന്ന് നമ്മോടൊപ്പമില്ല; "പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍‌വേണുവൂതുന്ന" ആ മൃദു മന്ത്രണം നമ്മെ കേള്‍പ്പിക്കാന്‍ ഇന്നാ പാട്ടുകാരന്‍ നമ്മുടെ കൂടെയില്ല.

"ആധിയും വ്യാധിയും തീര്‍ക്കുവാന്‍ ഭഗവാനെന്‍ ആയുസ്സു കൊണ്ടു തുലാഭാരം" എന്ന വരികള്‍ കൊണ്ടാണ് "വെണ്ണക്കണ്ണന്‍" എന്ന സംഗീത ആല്‍ബത്തിലെ 'നാവിന്‍ത്തുമ്പത്ത് നന്ദമുകുന്ദന് നാരായണീയ തുലാഭാരം' എന്ന ഗാനം ഗിരീഷ് മുഴുമിപ്പിക്കുന്നത്. സ്വന്തം ആയുസ്സിനേക്കാള്‍ വിലയേറിയ മറ്റൊരു വസ്തു ഇല്ലാ എന്ന് ഗിരീഷ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

എഴുതിയ പാട്ടുകളില്‍ നന്ദനത്തിലെ 'കാര്‍മുകില്‍വര്‍ണന്‍റെ ചുണ്ടില്‍' എന്ന ഗാനത്തോട് ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ഗിരീഷ് പുത്തഞ്ചേരി.

'ഞാനെന്‍ മിഴിനാളം അണയാതെരിച്ചും,
നീറുംനെഞ്ചകം അകിലായി പുകച്ചും,
വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും,
നിന്നെ തേടിനടന്നു തളര്‍ന്നു കൃഷ്ണാ,
എന്റെ നൊമ്പരമറിയുേമാ ശ്യാമവര്‍ണാ...'
എന്ന വരികള്‍ ഒരു പ്രാര്‍ഥനാമന്ത്രം പോലെ എപ്പോഴും പാടിനടന്നു. ഈ പാട്ടു പാടി ഏറെ നാള്‍ കഴിയും മൂമ്പേ ഗായിക കെ.എസ്. ചിത്രയ്ക്ക് ഒരു മകള്‍ പിറന്ന കാര്യം അദ്ദേഹം സന്തോഷത്തോടെ പറയുമായിരുന്നു. നന്ദനത്തിലെ പാട്ടു കേട്ടിഷ്ടപ്പെട്ട് ഗുരുവായൂരപ്പന്‍ അനുഗ്രഹിച്ചതാണ് ആ കുഞ്ഞെന്ന കാര്യത്തില്‍ പാട്ടെഴുതിയ ആള്‍ക്ക് സംശയമില്ലായിരുന്നു. വിവാഹം കഴിഞ്ഞ് എത്രയോ വര്‍ഷം ഒരു കുഞ്ഞിനായി കാത്തിരുന്ന ചിത്ര മകള്‍ക്ക് നന്ദന എന്ന പേരിട്ടതും ഗിരീഷിനെ ഏറെ ആഹ്ലാദിപ്പിച്ചു.

കവിതയെഴുത്തിനെ പറ്റി ഗിരീഷ് ഇപ്രകാരം പറയുന്നു: പാട്ടെഴുത്തിന് വേണ്ടത് കവിത്വമല്ല. സര്‍ഗാത്മകസാഹിത്യവുമല്ല പാട്ടെഴുത്ത്. മറ്റുള്ളവരുടെ മനസില്‍ കടന്നിരുന്ന് എഴുതുന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണത്. ഒരു കവിതയെഴുതുമ്പോള്‍ അതിന്‍റെ വിഷയം എനിക്ക് സ്വയം തിരഞ്ഞെടുക്കാം. അതിന് ചന്ദസ് വേണോ വേണ്ടേ എന്ന് എനിക്ക് തീരുമാനിക്കാം. എത്ര വരികള്‍ വേണമെന്ന് എനിക്ക് തീരുമാനിക്കാം. സിനിമാഗാനങ്ങളില്‍ അതിനുള്ള സ്വാതന്ത്ര്യമില്ല. ഒരു വിഡ്ഡി പാടുന്ന പാട്ടായിരിക്കും ചിലപ്പോള്‍ എഴുതേണ്ടിവരിക.

ഈ ഇലക്ട്രോണിക്സ് യുഗത്തില്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം ബാധിക്കാത്ത കവി. അദ്ദേഹം പറയുന്നു, ഒരു വെള്ളക്കടലാസും പേനയും കിട്ടിയാല്‍ എന്റെ സാമ്രാജ്യമായി. എനിക്ക് കമ്പ്യൂട്ടര്‍ അറിഞ്ഞുകൂടാ. കാര്‍ ഡ്രൈവിങ് അറിയില്ല. സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ല. മൊബൈല്‍ ‍ഫോണില്‍ ഒരു മെസേജ് വന്നാല്‍ അതെടുത്തുനോക്കി വായിക്കാന്‍ അറിയില്ല. അതൊന്നും ഈ ജന്മം പഠിക്കുകയുമില്ല. ഒരു എഴുത്തുകാരനെന്ന നിലയില്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം എന്നെ ബാധിക്കുന്നതേയില്ല.

എ. ആര്‍. റഹ്മാനു പുറമെ ബാപ്പിലാഹിരി, ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നീ സംഗീതസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച എക മലയാളി ഗാനരചയിതാവ് എന്ന ബഹുമതി ഗിരീഷ്പുത്തഞ്ചേരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

"കണ്ണും നട്ട് കാത്തിരുന്നിട്ടും കണ്ണും നട്ട് കാത്തിരുന്നിട്ടും" ആ "സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍". "പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടി" ആ ആത്മാവ് നമ്മില്‍ നിന്നും യാത്രയായി; "കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്ത്‌, പൊന്നുകൊണ്ട് വേലി കെട്ടീട്ടും ആ
കല്‍ക്കണ്ടക്കിനാവു പാടം കൊയ്തെടുത്തു കൊണ്ട്". എവിടെയോ ഒളിഞ്ഞിരിക്കുന്ന ഹേ മരണമേ, നിന്‍റെ "പ്രണയ സന്ധ്യയില്‍ ആ വിണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ, വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ, പുലര്‍നിലാവിന്‍റെ യമുനയില്‍ ചന്ദ്രകാന്തമലയുന്നുവോ, കനവിലായിരം കനകമേഘം കനലുരയ്ക്കുന്നുവോ. ആരാലും ക്ഷണിക്കപ്പെടാത്ത മരണമേ, നീ ഞങ്ങളില്‍ നിന്നും കൊണ്ടുപോയ ആ പാവപ്പെട്ട കലാകാരനെ "ജീവിതപാതകളില്‍ എന്നിനി കാണും ഞങ്ങള്‍, മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ".

ഈ 49 ആം വയസ്സില്‍, അദൃശ്യമായി എവിടെയോ മറഞ്ഞിരിക്കുന്ന മരണമെന്ന പ്രതിഭാസം ഒടുവില്‍ "ആ സൂര്യകിരീടത്തേയും" വീഴ്ത്തിയിരിക്കുന്നു. ഇനി നമുക്കിടയില്‍ അലയടിക്കാന്‍ ഉള്ളത് ഒരു പുണ്യം പോലെ, ഒരു പ്രാര്‍ത്ഥന പോലെ ആ മനസ്സില്‍ നിന്നും വന്ന വരികള്‍ മാത്രം. ആ "ശാന്തമീ രാത്രിയില്‍" നമ്മിലേക്കു കടന്നു വന്ന ആ വലിയ കലാകാരന്‍ മറ്റൊരു "വരമഞ്ഞളാടിയ രാത്രിയില്‍", ആരും പ്രതീക്ഷിക്കാത്ത സമയത്ത് ഒരുപാടൊരുപാട് കവിതകള്‍ ബാക്കിവച്ച് ശൂന്യതയിലേക്ക് യാത്രയായി, ആരേയും പദനിസ്വനം കേള്‍പ്പിക്കാതെ.


Friday, February 12, 2010

പാഥേയം ഫെബ്രുവരി ലക്കം ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.


പാഥേയം ഫെബ്രുവരി ലക്കം ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.

Friday, January 15, 2010

പാഥേയം ഒന്നാം പിറന്നാള്‍ പതിപ്പ്

പ്രിയരെ,

നവ സാങ്കേതിക വിദ്യയുടെ വര്‍‍ത്തമാന കാലത്തില്‍ വായനയുടെ പുതിയ മേച്ചില്‍‍‌പുറം തേടുന്ന ഈ കാലത്ത് എഴുത്തും, വായനയും, ചര്‍‍ച്ചയും, തര്‍ക്കങ്ങളുമായി തുടങ്ങിയ ഓര്‍കൂട്ട്‌ കമ്മ്യുണിറ്റിയിലെ ഒരു പുതിയ കൂട്ടായ്മയുടെ വിജയത്തിന്‍‌റ്റെ ഫലമാണ് " പാഥേയം" എന്ന ഈ ഓണ്‍‍ലൈന്‍ മാഗസിന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.

നമ്മുടെ മാതൃഭാഷയെ സ്നേഹിക്കുന്ന പ്രിയപ്പെട്ട മലയാളികള്‍ക്കായി ഞങ്ങള്‍ 2009 ജനുവരിയിലാണ് പുതുവര്‍ഷ ഉപഹാരമായി " പാഥേയം". ആരംഭിച്ചത്.കഥകളും കവിതകളും ആനുകാലികങ്ങളും ലേഖനങ്ങളും ചര്‍ച്ചകളും ഒക്കെ ആയി ഒരു ഓണ്‍ലൈന്‍ മാഗസിന്‍ അതാണ് " പാഥേയം".

ഇവിടെ ജീവിക്കുന്നത് കടലാസുതുണ്ടുകളല്ല! മറിച്ച് ഏതു നിമിഷവും എക്കാലത്തും വായിക്കാവുന്നതും ചിതലരിക്കാത്തതുമായ ഓണ്‍ലൈന്‍ മാഗസിന്‍ കഴിഞ്ഞ 12 മാസക്കാലം‍‌ ഞങ്ങള്‍‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചുവെന്ന സംതൃപ്തിയോടെ..........

ഒരു ഓര്‍കൂട്ട്‌ കമ്മ്യൂണിറ്റി അംഗങ്ങളുടെ കൂട്ടായ്മയുടെ വിജയം. പല കമ്മ്യൂണിറ്റികളിലെ അസഹിഷ്ണുത നിറഞ്ഞ പ്രവര്‍ത്തന രീതികളില്‍ മനം മടുത്ത് പടിയിറങ്ങിയ ഒരു കൂട്ടം സുഹ്രുത്തുക്കളുടെ കൂട്ടായ്മ ആണിത്.2008 ജൂലായ്‌ മൂന്നിനു ആണു ഈ പുതിയ ഓര്‍കുട്ട്‌ കമ്മ്യൂണിറ്റിക്കു രൂപം നല്‍കിയത്. ഗൌരവമേറിയ ചര്‍ച്ചകളില്‍‍ പരസ്പരം പോരാടുമ്പോഴും മനസ്സിലെ സൌഹൃദം കൈവിടാതെ സൂക്ഷിച്ചു. രാഷ്ട്രീയവും,മതവും ചര്‍ച്ചകളില്‍ കൊണ്ടു വന്നപ്പോഴും പരസ്പരം നര്‍മ്മ സംഭാഷണങ്ങള്‍ നടത്തുവാനും,വിശേഷങ്ങള്‍ പറയുവാനും സമയവും,ഇടവും കണ്ടെത്തി.കവിതകളും,കഥകളും ഒരുമിച്ചിരുന്നു ആസ്വദിച്ചു സിനിമകളെ പറ്റിയും ഗാനങ്ങളെ പറ്റിയും ചിന്തിച്ചു.അങ്ങനെ ഉള്ള ചര്‍ച്ചകളില്‍ വന്ന ആശയം ആയിരുന്നു ഈ മാഗസിന്‍ . എല്ലാ അംഗങ്ങളുടേയും ആത്മാര്‍ത്ഥമായ സഹകരണം മൂലം കഴിഞ്ഞ ഒരു വര്‍ഷക്കാലം ഒരു ലക്കവും മുടങ്ങാതെ നിങ്ങളിലെത്തിക്കാന്‍‍ ഞങ്ങള്‍ക്കായി.

ഓര്‍ക്കൂട്ടില്‍‍ നിന്നും പുറത്തേയ്ക്ക് സൌഹൃദം വളര്‍ത്തുവാനായി ഫോണ്‍ നമ്പറുകള്‍ കൈമാറി,അതിലും കടന്ന് അംഗങ്ങള്‍‍ തമ്മിലുള്ള തല്‍‍സമയ അഭിമുഖത്തിലൂടെ ഓരോ വ്യക്തിയേയും കൂടുതല്‍‍ അടുത്തറിഞ്ഞു.ഓര്‍കൂട്ടും, ഓണ്‍ലൈനും ഒക്കെ പുതിയ ആശയങ്ങള്‍ക്കും പുത്തന്‍ വിപ്ലവങ്ങള്‍ക്കും വഴിമാറുമ്പോള്‍ വളര്‍ന്നു വരുന്ന തലമുറക്കു നമ്മള്‍ കരുതി വെക്കുന്ന " പാഥേയം" ഒരു കൂട്ടം സുഹൃത്ത്‌ ബന്ധങ്ങളുടെ ആത്മാവിഷ്കാരമാണ്.

നമ്മുടെ കമ്മ്യൂണിറ്റിയുടെ ഒരുമ തകര്‍ക്കാന്‍ എത്തിയവര്‍ പലരും സ്വയം പിന്‍ വാങ്ങി പോയതു പോലും നമ്മുടെ ഒത്തൊരുമയുടെ വിജയം ആയിരുന്നു.

സാഹിത്യത്തിന്‍‌റ്റെ യാദാസ്ഥിതിക സങ്കല്‍പ്പങ്ങളില്‍ ഭ്രമിച്ചുനില്‍ക്കാതെ ഇരുളിന്‍‌റ്റെ വഴിയിലൂടെ നടന്നു ശീലിച്ച് ഒരു പുതിയ പ്രകാശം തേടി പുറപ്പെട്ടവരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ പുതുസാഹിത്യവസന്തമായ ഈ " പാഥേയം" എന്ന ഓണ്‍‍ലൈന്‍‍ മാഗസിന്റെ പിറന്നാള്‍ പതിപ്പ് ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.

പാഥേയത്തിനു വേണ്ടി,
എഡിറ്റര്‍
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍